അധികാരമേറ്റതിന്റെ നാലാം വാർഷികം: യു.എ.ഇ പ്രസിഡന്റിന് കുവൈത്തിന്റെ അഭിനന്ദനം

  1. Home
  2. International

അധികാരമേറ്റതിന്റെ നാലാം വാർഷികം: യു.എ.ഇ പ്രസിഡന്റിന് കുവൈത്തിന്റെ അഭിനന്ദനം

kuwait


അധികാരമേറ്റതിന്റെ നാലാം വാർഷികം ആഘോഷിക്കുന്ന യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് അഭിനന്ദനങ്ങളുമായി കുവൈത്ത് നേതൃത്വം. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ യു.എ.ഇ പ്രസിഡന്റിന് പ്രത്യേക അഭിനന്ദന സന്ദേശങ്ങൾ അയച്ചു.

കുവൈത്തും യു.എ.ഇയും തമ്മിലുള്ള ദൃഢവും ചരിത്രപരവുമായ ബന്ധത്തെ അമീർ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ യു.എ.ഇ കൈവരിച്ചുകൊണ്ടിരിക്കുന്ന വിസ്മയിപ്പിക്കുന്ന വികസന കുതിപ്പിനെയും ആഗോളതലത്തിലെ നേട്ടങ്ങളെയും അമീർ പ്രശംസിച്ചു. ശൈഖ് മുഹമ്മദിന് ആയുരാരോഗ്യവും യു.എ.ഇയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു.

യു.എ.ഇയുടെ സമഗ്രമായ വളർച്ചയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് വഹിക്കുന്ന നേതൃപരമായ പങ്കിനെ കുവൈത്ത് കിരീടാവകാശിയും പ്രധാനമന്ത്രിയും പ്രശംസിച്ചു. സഹോദര രാജ്യമായ യു.എ.ഇയുടെ ഭാവി കൂടുതൽ ശോഭനമാകട്ടെ എന്ന് ആശംസിച്ച അവർ, ശൈഖ് മുഹമ്മദിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ഗൾഫ് മേഖലയിലെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ നയതന്ത്ര ബന്ധം.