കുവൈത്തില്‍ സന്ദർശന വിസയുള്ളവര്‍ക്ക് കാലാവധി നീട്ടി; ഒരു മാസത്തേക്ക് കൂടി ഇളവ് അനുവദിച്ച് ആഭ്യന്തര മന്ത്രാലയം
കുവൈത്തിലെ നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് എല്ലാ സന്ദർശന വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 2026 ഫെബ്രുവരി 28 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. നിലവിൽ കാലാവധി കഴിഞ്ഞതോ വരും ദിവസങ്ങളിൽ അവസാനിക്കാൻ പോകുന്നതോ ആയ എല്ലാ വിസിറ്റ് എൻട്രി വിസകൾക്കും ഒരു മാസത്തെ കാലാവധി സ്വമേധയാ (Automatically) ലഭിക്കും. വിസ കാലാവധി നീട്ടുന്നതിനായി പ്രവാസികൾ റെസിഡൻസി അഫയേഴ്‌സ് വകുപ്പുകൾ സന്ദർശിക്കേണ്ടതില്ലെന്നും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ഈ മാറ്റം നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ അധിക കാലയളവിലേക്കുള്ള വിസ ഫീസുകളും പിഴകളും മന്ത്രാലയം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് രാജ്യത്തിന് പുറത്ത് തുടരാവുന്ന കാലാവധി മൂന്ന് മാസത്തേക്ക് കൂടി സ്വമേധയാ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തെ സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ കാലാവധി വീണ്ടും നീട്ടാൻ സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. വിസയും താമസ നടപടികളും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി മന്ത്രാലയത്തിന്റെ ചാനലുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ യാത്ര ചെയ്യാൻ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് കുവൈത്ത് സർക്കാരിന്റെ ഈ തീരുമാനം. വിസ കാലാവധി നീട്ടിയതോടെ പിഴ പേടിക്കാതെ നിയമപരമായി രാജ്യത്ത് തുടരാൻ സന്ദർശകർക്ക് സാധിക്കും.
