ആരോഗ്യ മേഖലയിൽ കർശന നിയന്ത്രണങ്ങളുമായി കുവൈത്ത്; മരുന്നുകൾക്കും സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധം
ആരോഗ്യ മേഖലയിൽ സമഗ്രമായ പരിഷ്‌കാരങ്ങളും പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്തി കുവൈത്ത് സർക്കാർ. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഇറക്കുമതി ചെയ്യുന്ന മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വിപണിയിലെത്തുന്നതിന് മുൻപ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നതാണ് പുതിയ നിയമങ്ങളിലെ പ്രധാന വ്യവസ്ഥ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ ഈ പരിഷ്‌കാരങ്ങളിലൂടെ വിപണിയിലെ സുതാര്യത ഉറപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
മനുഷ്യർ ഉപയോഗിക്കുന്ന എല്ലാ മരുന്നുകൾക്കും വിൽപനയ്ക്ക് മുൻപ് വിലയിരുത്തലും രജിസ്‌ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്. സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കായി പ്രത്യേക രജിസ്‌ട്രേഷൻ ചട്ടക്കൂട് തന്നെ മന്ത്രാലയം തയ്യാറാക്കി. അഞ്ച് വർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റുകളാണ് ഇത്തരം ഉൽപ്പന്നങ്ങൾക്ക് നൽകുക. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രജിസ്‌ട്രേഷൻ താൽക്കാലികമായി നിർത്താനോ പൂർണ്ണമായി റദ്ദാക്കാനോ അധികൃതർക്ക് അധികാരമുണ്ടാകും. മരുന്നുകളുടെ സ്വഭാവം അനുസരിച്ച് വ്യത്യസ്തമായ രജിസ്‌ട്രേഷൻ രീതികളും സമയപരിധികളും പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകരുടെ ലൈസൻസിങ് സംവിധാനത്തിലും സർക്കാർ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു. മെഡിക്കൽ, നഴ്‌സിങ്, അനുബന്ധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ ലൈസൻസിങ് നടപടികൾ ശക്തിപ്പെടുത്തി. ഇലക്ട്രോണിക് വെരിഫിക്കേഷനും ഡിജിറ്റൽ സംവിധാനങ്ങളും വ്യാപിപ്പിച്ചുകൊണ്ട് രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കും. സർക്കാർ-സ്വകാര്യ മേഖലകളിലെ ആരോഗ്യ സേവനങ്ങളിൽ ഉയർന്ന പ്രൊഫഷണൽ മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണ് ഈ നീക്കങ്ങൾ. ഇത്തരം കർശനമായ നടപടികൾ ആരോഗ്യ മേഖലയിൽ പൊതുജനവിശ്വാസം വർധിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
