തൊഴിൽ നിയമലംഘനങ്ങൾ തടയാൻ കുവൈത്ത്: സഹ്ൽ ആപ്പിൽ 'റിപ്പോർട്ട് മി' സേവനം ആരംഭിച്ചു
കുവൈത്തിൽ തൊഴിൽ മേഖലയിലെ ക്രമക്കേടുകളും നിയമലംഘനങ്ങളും എളുപ്പത്തിൽ ചൂണ്ടിക്കാണിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സഹ്ൽ (Sahel) ആപ്പിൽ പുതിയ സംവിധാനമൊരുക്കി. 'Report Me' എന്ന ഈ ഡിജിറ്റൽ ഫീച്ചറിലൂടെ പൗരന്മാർക്കും പ്രവാസികൾക്കും ലംഘനങ്ങൾ നേരിട്ട് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനാകും.
ഗാർഹിക തൊഴിലാളി നിയമലംഘനങ്ങൾ, രേഖകളില്ലാത്ത തൊഴിലാളികളുടെ നിയമനം, അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയ വിവരങ്ങൾ തെളിവായി ചിത്രങ്ങൾ സഹിതം ആപ്പ് വഴി സമർപ്പിക്കാവുന്നതാണ്. കൂടാതെ, വേനൽക്കാലത്ത് ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്കിരുത്തുന്നതും ഈ സേവനം വഴി റിപ്പോർട്ട് ചെയ്യാം.
പരാതിക്കാരുടെ വ്യക്തിഗത വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ലഭിക്കുന്ന പരാതികൾ അതോറിറ്റിയുടെ പ്രത്യേക സംഘങ്ങൾ നേരിട്ട് പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും.
