കുവൈത്ത് യാത്രക്കാർ ശ്രദ്ധിക്കുക; അനധികൃത വിമാനക്കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് സിവിൽ ഏവിയേഷൻ

  1. Home
  2. International

കുവൈത്ത് യാത്രക്കാർ ശ്രദ്ധിക്കുക; അനധികൃത വിമാനക്കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് സിവിൽ ഏവിയേഷൻ

FLIGHT


കുവൈത്തിൽ നിന്ന് ഔദ്യോഗിക പ്രവർത്തന അനുമതി ലഭിക്കാത്ത വിമാനക്കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ റിസർവേഷൻ നടത്തുകയോ ചെയ്യരുതെന്ന് യാത്രക്കാർക്ക് കർശന നിർദ്ദേശം. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ വ്യോമഗതാഗതം കൃത്യമായി നിയന്ത്രിക്കുന്നതിനുമാണ് ഈ നീക്കം.

നിലവിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നീ കമ്പനികൾക്ക് മാത്രമാണ് സർവീസ് നടത്താൻ അനുമതിയുള്ളത്. മറ്റ് വിമാനക്കമ്പനികൾക്കൊന്നും ഇതുവരെ ഔദ്യോഗിക പ്രവർത്തന അനുമതി നൽകിയിട്ടില്ലെന്ന് ഡി.ജി.സി.എ വക്താവ് അബ്ദുല്ല അൽ രാജ്ഹി വ്യക്തമാക്കി. അനുമതിയില്ലാത്ത കമ്പനികൾ ടിക്കറ്റ് വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ.

അനധികൃതമായി സർവീസ് പ്രഖ്യാപിച്ച വിമാനക്കമ്പനികളിൽ നിന്ന് ടിക്കറ്റ് എടുത്തവർക്ക് തുക തിരികെ ലഭിക്കുന്നതിനായി സർക്കാർ സേവന ആപ്പായ ‘സഹൽ’ (Sahel) വഴി പരാതികൾ സമർപ്പിക്കാവുന്നതാണ്. വിമാനക്കമ്പനികളുമായും ട്രാവൽ ഏജൻസികളുമായും ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ പരിഹരിക്കാൻ സഹൽ ആപ്പ് വഴി സാധിക്കുമെന്നും യാത്രക്കാരുടെ പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.