നിയമവിരുദ്ധ ഇസ്രായേൽ കുടിയേറ്റ മേഖലകളിലെ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം: സ്വാഗതം ചെയ്ത് കുവൈത്ത്
അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ നിയമവിരുദ്ധ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ വ്യാപാരം നിയന്ത്രിക്കാനുള്ള വിവിധ അന്താരാഷ്ട്ര രാജ്യങ്ങളുടെ തീരുമാനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ഐസ്‌ലാൻഡ്, അയർലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, യു.കെ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ച സംയുക്ത നടപടികളെ കുവൈത്ത് പൂർണമായി പിന്തുണയ്ക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ദ്വിരാഷ്ട്ര പരിഹാരത്തിനും സ്വതന്ത്ര പലസ്തീൻ രാഷ്ട്ര രൂപീകരണത്തിനുമായി നടക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഈ തീരുമാനം കരുത്തേകുമെന്നും സമാനമായ രീതിയിൽ മറ്റ് രാജ്യങ്ങളും വ്യാപാര നിയന്ത്രണ നടപടികളിലേക്ക് കടക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളെയും യു.എൻ സുരക്ഷാ സമിതി പ്രമേയങ്ങളെയും കാറ്റിൽപ്പറത്തുന്ന ഇസ്രായേലിന്റെ അധിനിവേശ നയങ്ങൾക്ക് തടയിടാൻ ഇത്തരം ഉപരോധങ്ങൾ അത്യാവശ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പലസ്തീൻ ഭൂപ്രദേശങ്ങൾ കൈയേറാനോ ഗസ്സയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പലസ്തീനികളെ ബലമായി കുടിയൊഴിപ്പിക്കാനോ ഉള്ള നീക്കങ്ങളെ കുവൈത്ത് ശക്തമായി എതിർക്കും. 1967 ജൂൺ 4-ലെ അതിർത്തികൾ നിലനിർത്തി, കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവിൽ വരണമെന്ന നിലപാടിൽ മാറ്റമില്ലെന്നും കുവൈത്ത് ആവർത്തിച്ചു.
