കുവൈത്ത് വ്യോമപാത വീണ്ടും തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്

  1. Home
  2. International

കുവൈത്ത് വ്യോമപാത വീണ്ടും തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്

kuwait airways


കുവൈത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ഇറാൻ ആക്രമണങ്ങളെ തുടർന്ന് ഇന്ന് താത്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാത വീണ്ടും തുറന്നു. വ്യോമപാത അടച്ചതിനെ തുടർന്ന് വൈകിയ വിമാനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ എയർപോർട്ട് അതോറിറ്റി അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, അന്താരാഷ്ട്ര സർവീസുകളുടെ വരവും പോക്കും ഘട്ടംഘട്ടമായാണ് സാധാരണ നിലയിലേക്ക് മടങ്ങുന്നത്. വ്യോമപാത തുറന്നതോടെ ഇന്ത്യയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ കുവൈത്തിൽ ലാന്റ് ചെയ്തു. എയർ ഇന്ത്യ എക്സ്പ്രസ്, ജസീറ എയർവേസ് , കുവൈത്ത് എയർവേസ് തുടങ്ങിയ പ്രമുഖ വിമാന കമ്പനികളെല്ലാം സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ മുമ്പ് വഴിതിരിച്ചുവിട്ടതോ വെെകിയതോ ആയ വിമാനങ്ങൾക്കാണ് ലാന്റിങ്ങിന് ആദ്യ മുൻഗണന നൽകുന്നത്.

കുവൈത്തിൽ നിന്നുള്ള മടക്ക സർവീസുകളും ഘട്ടംഘട്ടമായി ആരംഭിച്ചിട്ടുണ്ട്. വ്യോമപാത അടച്ചതിനെ തുടർന്ന് കുവൈത്ത് എയർവേസിന്റെ മാഞ്ചസ്റ്റർ, അലക്സാണ്ട്രിയ സർവീസുകൾ നിശ്ചിത സമയത്തിലും അഞ്ച് മണിക്കൂറോളം വെെകിയാണ് പുറപ്പെട്ടത്. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) വ്യോമപാത തുറക്കാൻ അനുമതി നൽകിയത്.

സർവീസുകൾ പുനരാരംഭിച്ചെങ്കിലും, വിമാന ജീവനക്കാരുടെയും വിമാനങ്ങളുടെയും ലഭ്യതയ്ക്കനുസരിച്ച് സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് എയർലൈൻ കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ എയർലൈൻസുകളുമായി ബന്ധപ്പെട്ട് സമയക്രമം കൃത്യമായി ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.