ലെബനാനിൽ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് നീട്ടി; പ്രഖ്യാപനവുമായി ട്രംപ്

  1. Home
  2. International

ലെബനാനിൽ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് നീട്ടി; പ്രഖ്യാപനവുമായി ട്രംപ്

trump


ലെബനാനിൽ നിലവിലുണ്ടായിരുന്ന താത്കാലിക വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വൈറ്റ് ഹൗസിൽ ഇസ്രായേൽ, ലെബനാൻ അംബാസഡർമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിർണ്ണായക തീരുമാനം പുറത്തുവന്നത്. നിലവിലെ വെടിനിർത്തൽ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.

വരും ആഴ്ചകളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനീസ് പ്രധാനമന്ത്രി ജോസഫ് ഔനും അമേരിക്ക സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് അറിയിച്ചു. ഇറാനുമായി ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു കരാറാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലെബനാനിൽ പൂർണ്ണമായ വെടിനിർത്തൽ ഉദ്ദേശിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ പ്രതിനിധി ഡാനി ഡാനൺ വ്യക്തമാക്കി. ഹിസ്ബുല്ലയിൽ നിന്ന് ഭീഷണി ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെടിനിർത്തൽ ധാരണകൾ നിലനിൽക്കെ തന്നെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഇന്നലെ രാത്രി സ്ഫോടന ശബ്ദങ്ങൾ കേട്ടത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ചില ഡ്രോണുകൾ നിർവീര്യമാക്കിയതിന്റെ ഭാഗമായാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിച്ചിട്ടില്ലെന്നാണ് ഇസ്രായേൽ ഔദ്യോഗികമായി അറിയിക്കുന്നത്. അതേസമയം, വാഷിംഗ്ടണിന്റെ അനുമതി ലഭിച്ചാൽ ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഭീഷണി മുഴക്കി.