സൗദിയിൽ ഹോം ഡെലിവറിയ്ക്ക് ഇനി ലൈസൻസ് നിർബന്ധം

  1. Home
  2. International

സൗദിയിൽ ഹോം ഡെലിവറിയ്ക്ക് ഇനി ലൈസൻസ് നിർബന്ധം

image


സൗദി അറേബ്യയിലെ വീടുകളിൽ ഭക്ഷ്യ, ഭക്ഷ്യ്യേതര സ്ഥാപനങ്ങൾക്ക് ഡെലിവറി പെർമിറ്റ് നിർബന്ധമാക്കി. തീരുമാനം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സൗദി മുനിസിപ്പൽ ഭവനകാര്യ മന്ത്രാലയത്തിനു കീഴിലെ 'ബലദീ' പ്ലാറ്റ്‌ഫോം വഴിയാണ് ഹോം ഡെലിവറി പെർമിറ്റ് നൽകുന്നത്. പെർമിറ്റ് വ്യവസ്ഥ പാലിക്കുന്നത് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റികൾ ഫീൽഡ് പരിശോധനകൾ നടത്തും. ബലദീ പ്ലാറ്റ്‌ഫോം വഴി എളുപ്പത്തിൽ പെർമിറ്റ് നേടാൻ സാധിക്കും.

ജീവിത നിലവാരം ഉയർത്താനും രാജ്യത്തെ ഡെലിവറി മേഖലയിൽ സുരക്ഷയും നിയമപാലനവും ഉയർത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പെർമിറ്റ് വ്യവസ്ഥ നടപ്പാക്കുന്നത്. നഗരങ്ങൾക്കുള്ളിൽ ഡെലിവറി പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാനും സ്ഥാപനങ്ങൾ ആരോഗ്യ, സാങ്കേതിക വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉപഭോക്ത്യ ആത്മവിശ്വാസം വർധിപ്പിക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് സഹായിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഹോം ഡെലിവറി സേവന തൊഴിലാളികൾക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നേടുക, വാണിജ്യ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ബന്ധപ്പെട്ട വകുപ്പിൽനിന്ന് ഹോം ഡെലിവറി സേവന മേഖലയിൽ പ്രവർത്തിക്കാൻ അനുമതി നേടുക, ഉപയോഗിക്കുന്ന ഗതാഗത സംവിധാനങ്ങളിൽ സ്ഥാപനത്തിന്റെ പേരോ വ്യാപാരമുദ്രയോ വ്യക്തമായി പ്രദർശിപ്പിക്കുക, ഉൽപന്നങ്ങൾ കൊണ്ടുപോകാനുള്ള സാങ്കേതിക, ആരോഗ്യ വ്യവസ്ഥകൾക്ക് അനുസൃതമായി വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കാനുള്ള പെർമിറ്റിനുള്ള വ്യവസ്ഥകൾ.