ബഹ്റൈനിൽ നിയമം ലംഘിച്ച 574 പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ
ബഹ്റൈനിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ 574 പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. രാജ്യത്തുടനീളം കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്.
തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി അതോറിറ്റി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ മാത്രം 3,692 പരിശോധനകളാണ് പൂർത്തിയാക്കിയത്. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനകളിൽ നിയമവിരുദ്ധമായി ജോലി ചെയ്ത 62 പുതിയ തൊഴിലാളികളെക്കൂടി കണ്ടെത്തിയിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം തെറ്റുകാരാണെന്ന് തെളിഞ്ഞാൽ ഇവരെയും നാടുകടത്തും.
പരിശോധനകളിൽ എൽ.എം.ആർ.എ നിയമങ്ങളും ഐഡന്റിറ്റി കാർഡ് നിയമങ്ങളും ലംഘിച്ച നിരവധി സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയ വിഭാഗങ്ങളായ എൻ.പി.ആർ.എ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, പോലീസ് ഡയറക്ടറേറ്റുകൾ എന്നിവരുമായി സഹകരിച്ചാണ് പരിശോധനകൾ പുരോഗമിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ എൽ.എം.ആർ.എ വെബ്സൈറ്റ്, 'തവാസുൽ' ആപ്പ് അല്ലെങ്കിൽ 17506055 എന്ന കോൾ സെന്റർ നമ്പർ വഴി വിവരമറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
