തൊഴിൽ ഏജൻസി ലൈസൻസ് റദ്ദാക്കൽ നടപടികൾ ഡിജിറ്റലാക്കി എൽ.എം.ആർ.എ; സേവനങ്ങൾ ഇനി തൽക്ഷണം ലഭ്യമാകും

  1. Home
  2. International

തൊഴിൽ ഏജൻസി ലൈസൻസ് റദ്ദാക്കൽ നടപടികൾ ഡിജിറ്റലാക്കി എൽ.എം.ആർ.എ; സേവനങ്ങൾ ഇനി തൽക്ഷണം ലഭ്യമാകും

lmra


ലേബർ സപ്ലൈ ഏജൻസി ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമവും ലളിതവുമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA). വ്യവസായ-വാണിജ്യ മന്ത്രാലയത്തിൽ നിന്ന് കമേഴ്‌സ്യൽ രജിസ്ട്രേഷൻ (CR) റദ്ദാക്കപ്പെടുന്ന മുറയ്ക്ക്, ഏജൻസികളുടെ ലൈസൻസുകൾ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുന്ന പുതിയ ഡിജിറ്റൽ സംവിധാനമാണ് അതോറിറ്റി നിലവിൽ വരുത്തിയത്. വിവിധ സർക്കാർ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ പരസ്പരം ഏകീകരിച്ചുകൊണ്ടാണ് ഈ നവീകരണം സാധ്യമാക്കിയത്.

പുതിയ സംവിധാനം നിലവിൽ വന്നതോടെ ലൈസൻസ് റദ്ദാക്കുന്നതിനായി ഏജൻസികൾ ഇനി അധിക രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. മുൻപ് ഈ സേവനം പൂർത്തിയാകാൻ രണ്ട് പ്രവൃത്തിദിവസങ്ങൾ വരെ സമയമെടുത്തിരുന്ന സ്ഥാനത്ത്, പുതിയ ഡിജിറ്റൽ പരിവർത്തനത്തിലൂടെ നടപടികൾ തൽക്ഷണം (Instant) പൂർത്തിയാക്കാൻ സാധിക്കും. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ സേവനങ്ങളുടെ നിലവാരം ഉയർത്താനും നടപടിക്രമങ്ങൾ ലളിതമാക്കി ഉപയോക്താക്കളുടെ സമയം ലാഭിക്കാനും എൽ.എം.ആർ.എ പ്രതിജ്ഞാബദ്ധമാണെന്ന് അതോറിറ്റി സർവീസസ് ആൻഡ് ബിസിനസ് അഫയേഴ്‌സ് ഡെപ്യൂട്ടി സി.ഇ.ഒ അഹമ്മദ് അൽ അരാദി വ്യക്തമാക്കി.

സർക്കാർ സേവനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിന്റെയും നവീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ അഴിച്ചുപണി. ഇതിനകം വിവിധ വകുപ്പുകളിലായി ആയിരത്തി മുന്നൂറോളം സർക്കാർ സേവനങ്ങൾ ഔദ്യോഗികമായി ഡോക്യുമെന്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിക്ഷേപകരിൽ നിന്നുള്ള നിർദ്ദേശങ്ങളും വിവിധ സർക്കാർ ഏജൻസികളുടെ പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തി എണ്ണൂറോളം സേവനങ്ങളിൽ ഇതിനകം തന്നെ ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്തിക്കഴിഞ്ഞു. ഈ നടപടികൾ പൊതുസേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വലിയ തോതിൽ വർദ്ധിപ്പിക്കാൻ സഹായകമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.