കുറഞ്ഞ നിരക്കിൽ വാഹന ഇൻഷുറൻസ്; വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റാക് പോലീസ്
വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വാഹന ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റാക് പോലീസ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാപകമായി പ്രചരിക്കുന്ന ഇത്തരം പരസ്യങ്ങൾക്ക് പിന്നിൽ തട്ടിപ്പ് സംഘങ്ങളാണെന്നും പണം തട്ടാനുള്ള തന്ത്രമാണിതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വിശ്വസനീയമായ ഇൻഷുറൻസ് കമ്പനികളുടെയോ അംഗീകൃത ബ്രോക്കർമാരുടെയോ പേരിൽ തന്നെയാണ് ഇത്തരം വ്യാജ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ആകർഷകമായ ഓഫറുകളിൽ വീണ് പണം കൈമാറുന്നവർക്ക് പിന്നീട് ലഭിക്കുന്നത് വ്യാജ പോളിസികളാണെന്ന് റാക് പോലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ താരീഖ് മുഹമ്മദ് ബിൻ സെയ്ഫ് പറഞ്ഞു. പണം നൽകുന്നതിന് മുൻപ് ഇൻഷുറൻസ് സ്രോതസ്സുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തട്ടിപ്പുകൾ ഒഴിവാക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു:
- ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് കൃത്യമായി പരിശോധിക്കുക.
- പണം നൽകിയാലുടൻ ഔദ്യോഗികവും സാധുതയുള്ളതുമായ പോളിസി രേഖകൾ ആവശ്യപ്പെടുക.
- സാധാരണ നിരക്കിനേക്കാൾ വളരെയധികം കുറഞ്ഞ ഓഫറുകളെ സംശയത്തോടെ കാണുക.
- വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും വിശ്വാസ്യത ഉറപ്പുവരുത്തുക.
