ഉച്ചവിശ്രമം ഉറപ്പാക്കണം; അബുദാബിയിൽ നിർമ്മാണ കമ്പനികൾക്കായി നഗരസഭയുടെ ജാഗ്രതാ നിർദ്ദേശം

  1. Home
  2. International

ഉച്ചവിശ്രമം ഉറപ്പാക്കണം; അബുദാബിയിൽ നിർമ്മാണ കമ്പനികൾക്കായി നഗരസഭയുടെ ജാഗ്രതാ നിർദ്ദേശം

Midday break law


യു.എ.ഇയിൽ വേനൽക്കാല മധ്യാഹ്നവിശ്രമ നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നിർമ്മാണ കമ്പനികൾക്കായി അബുദാബി നഗരസഭ ബോധവൽക്കരണം സംഘടിപ്പിച്ചു. കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ വർക്ക്‌ഷോപ്പിൽ ഈ മേഖലയിലെ 404 കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. നിർജ്ജലീകരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.

രാജ്യത്തെ നിയമപ്രകാരം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മാസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികൾക്ക് പൂർണ്ണ വിലക്കുണ്ട്. കെട്ടിട നിർമ്മാണം, റോഡ് വികസനം, പൈപ്പ് ലൈൻ ജോലികൾ, ശുചീകരണം, കൃഷി തുടങ്ങിയ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കെല്ലാം ഈ വിശ്രമവേള നിർബന്ധമാണ്. എന്നാൽ എ.സി സംവിധാനമുള്ള സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ ജോലി ചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.

ഉച്ചസമയങ്ങളിൽ തൊഴിലാളികൾക്കായി തണലുള്ള വിശ്രമകേന്ദ്രങ്ങൾ, തണുത്ത കുടിവെള്ളം, ഒ.ആർ.എസ് (ORS) പോലുള്ള നിർജ്ജലീകരണ പ്രതിരോധ പാനീയങ്ങൾ, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ എന്നിവ തൊഴിലുടമകൾ നിർബന്ധമായും ഒരുക്കേണ്ടതുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും hse@adm.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെ അധികൃതരെ വിവരമറിയിക്കാം. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത പിഴയും നിയമനടപടികളും ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.