ജിദ്ദയിൽ ഇനി ആഢംബരക്കടൽ യാത്ര; ലക്ഷ്വറി വാട്ടർ ടാക്സി സേവനത്തിന് തുടക്കമായി
വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ. ജിദ്ദയിലെ ചെങ്കടൽ തീരത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലക്ഷ്വറി വാട്ടർ ടാക്സി സേവനം ആരംഭിച്ചു. ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുള്ള ബിൻ ജൽവി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിൽ കഴിഞ്ഞ വർഷം ആരംഭിച്ച 'സീ ടാക്സി'ക്ക് പിന്നാലെയാണ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ ആഢംബര സംവിധാനം ഒരുക്കിയിരിക്കുന്നത്.
നിലവിൽ ജിദ്ദ യാച്ച് ക്ലബ്ബിനെ കേന്ദ്രീകരിച്ചാണ് വാട്ടർ ടാക്സി സർവീസ് നടത്തുന്നത്. വരും ഘട്ടങ്ങളിൽ ജിദ്ദ കോർണിഷിലെ കൂടുതൽ പ്രധാന കേന്ദ്രങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യയും ആകർഷകമായ ഡിസൈനും സമന്വയിപ്പിച്ചാണ് ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനൊപ്പം ജിദ്ദ നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ കടലിൽ നിന്ന് ആസ്വദിക്കാൻ ഈ യാത്ര അവസരമൊരുക്കും.
സൗദി വിഷൻ 2030-ന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി. ജിദ്ദയിലെത്തുന്ന സന്ദർശകർക്കും വിദേശ വിനോദസഞ്ചാരികൾക്കും കടൽ സൗന്ദര്യം അടുത്തറിയാനുള്ള മികച്ച മാർഗ്ഗമായി ലക്ഷ്വറി വാട്ടർ ടാക്സി മാറും. പ്രീമിയം യാത്രാ സൗകര്യങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി പ്രത്യേക പാക്കേജുകളും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്.
