മദീന സിറ്റി ബസ് സർവീസ്: റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ യാത്ര ചെയ്തത് 20 ലക്ഷം പേർ

  1. Home
  2. International

മദീന സിറ്റി ബസ് സർവീസ്: റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ യാത്ര ചെയ്തത് 20 ലക്ഷം പേർ

medina


വിശുദ്ധ റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ മദീനയിലെ സിറ്റി ബസ് സർവീസ് ഉപയോഗപ്പെടുത്തിയത് 20 ലക്ഷത്തിലധികം യാത്രക്കാരെന്ന് മദീന റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. മസ്ജിദുന്നബവിയിലേക്കും ഖുബാ മസ്ജിദിലേക്കും എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കുമായി ഒരുക്കിയ യാത്രാ സൗകര്യം വലിയ ജനസ്വീകാര്യതയോടെയാണ് മുന്നേറുന്നത്.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിശ്വാസികൾക്ക് സുഗമമായും വേഗത്തിലും ഹറമുകളിൽ എത്തുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. ഒന്നിലധികം റൂട്ടുകളും പ്രധാന ഇടങ്ങളിലെ സ്റ്റേഷനുകളും ഉൾപ്പെടുന്ന ഈ ബസ് പദ്ധതി തീർഥാടകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. മസ്ജിദുന്നബവിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെയും നഗരത്തിലെയും ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ ഈ പൊതുഗതാഗത സംവിധാനത്തിന് സാധിച്ചതായി അതോറിറ്റി വ്യക്തമാക്കി.

റമദാനിലെ അവസാന പത്തിലേക്ക് കടന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകാൻ സാധ്യതയുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനും കൂടുതൽ സർവീസുകളും ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന മദീന ബസ് പദ്ധതി പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പേർക്ക് ദിവസവും തുണയാകുന്നുണ്ട്.