ജിദ്ദ പോർട്ടിൽ മെർസ്കിന്റെ പുതിയ ‘MECL’ സർവീസ്; ആഗോള കണക്റ്റിവിറ്റി വർധിപ്പിക്കും
ജിദ്ദ ഇസ്‌ലാമിക് പോർട്ടിന്റെ ആഗോള സമുദ്ര കണക്റ്റിവിറ്റി ശക്തമാക്കുന്നതിനായി പ്രമുഖ ഷിപ്പിങ് കമ്പനിയായ മെർസ്ക് 'MECL' ചരക്കുസേവനം ആരംഭിച്ചതായി സൗദി പോർട്ട് അതോറിറ്റി (മവാനി) അറിയിച്ചു. രാജ്യാന്തര തുറമുഖങ്ങളുമായുള്ള വിനിമയം വേഗത്തിലാക്കാനും ആഗോള വ്യാപാര ശൃംഖല മെച്ചപ്പെടുത്താനും ഈ സർവീസ് സഹായകരമാകും.
ജിദ്ദ ഇസ്‌ലാമിക് പോർട്ടിനെ അമേരിക്കയിലെ ചാർൽസ്റ്റൺ, സാവന്ന, ഹൂസ്റ്റൺ, നോർഫോക്ക്, നെവാർക്ക് എന്നീ തുറമുഖങ്ങളുമായും, മൊറോക്കോയിലെ ടാൻജിയർ, ഒമാനിലെ സലാല, ഇന്ത്യയിലെ മുന്ദ്ര, നവഷേവ എന്നീ പ്രമുഖ തുറമുഖങ്ങളുമായും ഈ സർവീസ് നേരിട്ട് ബന്ധിപ്പിക്കുന്നുണ്ട്. 7,000 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ വരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ സർവീസ്.
തുറമുഖത്തിന്റെ ആഗോള മത്സരക്ഷമത ഉയർത്താനും സൗദിയുടെ ആഭ്യന്തര കയറ്റുമതി മേഖലയ്ക്ക് കൂടുതൽ കരുത്തുപകരാനുമാണ് പുതിയ നീക്കം. ചെങ്കടലിലെ പ്രധാന ലോജിസ്റ്റിക് ഹബ്ബായ ജിദ്ദ പോർട്ട്, രാജ്യത്തിന്റെ നാഷണൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് സേവനങ്ങൾ വിപുലീകരിക്കുന്നത്.
