മലയാളി വിദ്യാർഥി ജർമനിയിൽ ജീവനൊടുക്കി

ജർമനിയിൽ നഴ്‌സിങ് പഠനത്തിനു പോയ മലയാളി വിദ്യാർഥി മരിച്ചതായി വീട്ടുകാർക്കു സന്ദേശം. കോട്ടയം ഏറ്റുമാനൂർ സ്വദേശി അമൽ റോയിയാണ് മരണപ്പെട്ടത്.മരണവിവരം ഏജൻസി അധികൃതരാണ് വീട്ടുകാരെ അറിയിച്ചത്.സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തണമെന്നാവശ്യപ്പെട്ടു വീട്ടുകാർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി
ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകനാണ് 22 വയസുള്ള അമൽ റോയി .8 മാസം മുൻപാണ് അമൽ ജർമനിയിലേക്കു പോയത്. ഞായറാഴ്ച ഉച്ചയ്ക്കും വൈകിട്ടും വീട്ടിലേക്കു വിളിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണു മകനെ കാണാനില്ലെന്ന സന്ദേശം വീട്ടുകാർക്ക് ആദ്യം ലഭിച്ചത്. അർധരാത്രിയോടെ മരണവാർത്തയാണ് അറിയുന്നത്. തുടർന്ന് ഏജൻസിയെയും കോളജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും കാരണങ്ങളൊന്നും പറഞ്ഞില്ലെന്നു വീട്ടുകാർ ആരോപിക്കുന്നു. ഇതേസമയം, യുവാവ് ആത്മഹത്യ ചെയ്തതായാണു വിവരം ലഭിച്ചതെന്നും ജർമൻ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അറിയാൻ സാധിച്ചെന്നും ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.