റോഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാൾ ഷാർജയിൽ പിടിയിൽ

  1. Home
  2. International

റോഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാൾ ഷാർജയിൽ പിടിയിൽ

sharjah bike riding


റോഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാളെ ഷാർജ പൊലീസ് പിടികൂടി. സമൂഹ മാധ്യമങ്ങളിൽ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. അറബ് വംശജനായ 20കാരനാണ് പിടിയിലായത്. ഗതാഗത സുരക്ഷ നിയമങ്ങൾ ലംഘിക്കുകയും മറ്റു റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത കുറ്റങ്ങൾ ചുമത്തിയാണ് അറസ്‌റ്റെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.

നമ്പർ പ്ലേറ്റ് ഇല്ലാതെ റോഡിൽ വാഹനം ഓടിക്കുക, ചുവന്ന ലൈറ്റിട്ട് വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എൻജിനിലോ ചേസിസിലോ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ നിരവധി നിയമങ്ങൾ ബൈക്കർ ലംഘിച്ചതായി ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് അലയ് അൽ നഖ്ബി പറഞ്ഞു.

നിയമപ്രകാരം ബൈക്കുടമക്ക് 3,000 ദിർഹം വരെ പിഴയും 23 ട്രാഫിക് പോയന്റുകളും 90 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷ ലഭിക്കും. പിടിച്ചെടുത്ത വാഹനം വിട്ടുലഭിക്കാൻ 20,000 ദിർഹം വരെ അടക്കേണ്ടിയും വരും. ഈ വർഷം ഷാർജ പൊലീസ് റോഡുകളിൽ അശ്രദ്ധമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ 19 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.