സൗദി അറേബ്യയിലെ ഉംലുജിൽ മാമ്പഴ വിളവെടുപ്പ് തുടങ്ങി; പ്രതിവർഷം 4,500 ടൺ ഉൽപ്പാദനം
സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിലുള്ള ഉംലുജ് ഗവർണറേറ്റിൽ ഈ വർഷത്തെ മാമ്പഴ വിളവെടുപ്പ് ഔദ്യോഗികമായി ആരംഭിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ബ്രാഞ്ചാണ് സീസണിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മാമ്പഴ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഉംലുജിൽ വിവിധ ഇനങ്ങളിലായി തൊണ്ണൂറായിരത്തിലധികം (90,000) മാവുകളുണ്ടെന്ന് മന്ത്രാലയം ബ്രാഞ്ച് ഡയറക്ടർ ജനറൽ എൻജി. അംജദ് ബിൻ അബ്ദുല്ല തലാബ് വ്യക്തമാക്കി.
പ്രതിവർഷം ശരാശരി 4,500 ടൺ മാമ്പഴമാണ് ഇവിടെ നിന്നും ഉൽപ്പാദിപ്പിക്കുന്നത്. ആധുനിക കാർഷിക രീതികളുടെ ഉപയോഗം കാരണം ഇത്തവണ മികച്ച വിളവെടുപ്പും ഉയർന്ന ഗുണനിലവാരവുമാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രാദേശിക കർഷകർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
കാർഷിക മേഖലയുടെ വികസനത്തിലൂടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനുമുള്ള ‘സൗദി വിഷൻ 2030’-ന്റെ ഭാഗമായാണ് മന്ത്രാലയം ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. കർഷകർക്കായി വിവിധ മാർഗനിർദേശക പരിപാടികളും സുസ്ഥിര കാർഷിക സാങ്കേതിക സേവനങ്ങളും മന്ത്രാലയം നിരന്തരം ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
