ഹജ്ജ് തീർഥാടകർക്കായി മശാഇർ മെട്രോ സർവീസ് ആരംഭിച്ചു; മണിക്കൂറിൽ 72,000 പേർക്ക് യാത്രാ സൗകര്യം
ഹജ്ജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി മശാഇർ മെട്രോ സർവീസ് ആരംഭിച്ചു. സേവനം പൂർണ്ണ സജ്ജമായതായും ട്രെയിനുകൾ പ്രവർത്തനം ആരംഭിച്ചതായും സൗദി റെയിൽവേ അധികൃതർ അറിയിച്ചു.പുണ്യസ്ഥലങ്ങളായ അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങൾ തമ്മിലുള്ള യാത്രാ സൗകര്യത്തിനായാണ് ഈ റെയിൽ ശൃംഖല പ്രവർത്തിക്കുന്നത്. 2010-ൽ ആരംഭിച്ച ഈ സേവനം തീർഥാടകർക്ക് വലിയ ആശ്വാസമാണ്.
ഈ വർഷം 17 അത്യാധുനിക ട്രെയിനുകളാണ് സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ട്രെയിനിലും ഏകദേശം 3,000 പേർക്ക് യാത്ര ചെയ്യാൻ കഴിയും.മണിക്കൂറിൽ 72,000-ലധികം തീർഥാടകരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഈ സംവിധാനത്തിന് ശേഷിയുണ്ടെന്ന് അധികൃതർ അറിയിച്ചു.യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്റ്റേഷനുകളിലും റെയിൽ പാതകളിലും ആവശ്യമായ അറ്റകുറ്റപ്പണികളും പരിശോധനകളും നേരത്തെ പൂർത്തിയാക്കിയിരുന്നു.
