യുഎസിൽ കൂട്ടക്കൊല; ഏഴ് മക്കളടക്കം 8 പേരെ പിതാവ് വെടിവച്ചു കൊന്നു, പ്രതിയെ പൊലീസ് വധിച്ചു

  1. Home
  2. International

യുഎസിൽ കൂട്ടക്കൊല; ഏഴ് മക്കളടക്കം 8 പേരെ പിതാവ് വെടിവച്ചു കൊന്നു, പ്രതിയെ പൊലീസ് വധിച്ചു

us shooting


അമേരിക്കയിലെ ലൂസിയാനയിലുള്ള ശ്രീവ്‌പോർട്ടിൽ കൂട്ടക്കൊലപാതകം. സ്വന്തം മക്കളായ ഏഴുപേരെയും മറ്റൊരു ബന്ധുവായ കുട്ടിയെയും പിതാവ് വെടിവെച്ചുകൊന്നു. അക്രമിയായ ഷമർ എൽക്കിൻസിനെ പിന്നീട് പൊലീസ് വെടിവെച്ചുകൊന്നു. ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെത്തുടർന്നാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

രണ്ട് വീടുകളിലായാണ് ഷമർ എൽക്കിൻസ് ആക്രമണം നടത്തിയത്. ആദ്യ വീട്ടിൽ വെടിവെപ്പ് തുടങ്ങിയ ഇയാൾ പിന്നീട് രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയും അവിടെയുണ്ടായിരുന്ന കുട്ടികൾക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു. രണ്ടാമത്തെ വീട്ടിലാണ് ഏഴു കുട്ടികൾ കൊല്ലപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ച ഒരു കുട്ടിയെ വീടിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. പരിക്കേറ്റ മറ്റ് രണ്ട് പേർ ഇപ്പോൾ ചികിത്സയിലാണ്.

കൊലപാതകത്തിന് ശേഷം വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടരുകയും ബോസിയർ പാരിഷിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ വധിക്കുകയുമായിരുന്നു. നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ സംഭവമാണിതെന്ന് ശ്രീവ്‌പോർട്ട് മേയർ ടോം അഴ്സെനോക്സ് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പുകളിൽ ഒന്നാണിത്. കൊല്ലപ്പെട്ട കുട്ടികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.