ഈജിപ്തിൽ ഇന്ധന ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം; മുപ്പതോളം പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  1. Home
  2. International

ഈജിപ്തിൽ ഇന്ധന ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം; മുപ്പതോളം പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

cairo fire


ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലെ പ്രധാന റിങ് റോഡിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് മുപ്പതോളം പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗിസയിലെ അൽ-വറാഖ് പ്രദേശത്ത് ഒരു തുരങ്കത്തിന് മുകളിലായി ബുധനാഴ്ച വൈകുന്നേരമായിരുന്നു ദാരുണമായ അപകടം. ഒരു സ്വകാര്യ കോൺട്രാക്ടറുടെ ഉടമസ്ഥതയിലുള്ള ടാങ്കറിന് മുന്നിലേക്ക് ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി കേബിൾ പൊട്ടിവീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങൾ വ്യക്തമാക്കുന്നു. കേബിൾ വീണതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും, ടാങ്കർ റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയുമായിരുന്നു.

ടാങ്കറിൽ നിന്ന് ഇന്ധനം പുറത്തേക്കൊഴുകി തൊട്ടടുത്തുള്ള വാഹനങ്ങളിലേക്ക് തീ പടർന്നുപിടിച്ചതോടെ വലിയ ദുരന്തത്തിന് വഴിവെച്ചു. കാറുകൾ, മിനിബസുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുൾപ്പെടെ 27-ഓളം വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാഹനങ്ങൾക്ക് പെട്ടെന്ന് തീപിടിച്ചതിനാൽ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പൊള്ളലേറ്റവരെയും പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായവരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അപകടസ്ഥലത്തേക്ക് ഉടൻ തന്നെ 39 ആംബുലൻസുകൾ അയച്ചാണ് ആരോഗ്യ മന്ത്രാലയം രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ സ്ഥിരീകരിക്കുന്നതിനായി ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ അന്വേഷണത്തിന് നേതൃത്വം നൽകുന്ന പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. അപകടത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താഹ് അൽ-സിസി അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ മന്ത്രി ഖാലിദ് അബ്ദെൽ ഗഫാർ ആശുപത്രികളിലെത്തി പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

ഫയർഫോഴ്സ് തീ അണയ്ക്കുകയും ബുൾഡോസർ ഉപയോഗിച്ച് കത്തിയ വാഹനങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്ത ശേഷമാണ് റിങ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. അമിതവേഗത, മോശം റോഡുകൾ, ഗതാഗത നിയമലംഘനങ്ങൾ, വാഹനങ്ങളുടെ മോശം പരിപാലനം എന്നിവ കാരണം ഈജിപ്തിൽ വാഹനാപകടങ്ങൾ പതിവാണ്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2025-ൽ മാത്രം 5,829 ആളുകളാണ് ഈജിപ്തിലെ റോഡപകടങ്ങളിൽ മരിച്ചത്, ഇത് മുൻവർഷത്തേക്കാൾ 10.8 ശതമാനം കൂടുതലാണ്. അടുത്തിടെ ഗിസയിലുണ്ടായ ട്രെയിൻ കൂട്ടിയിടിയിൽ നാല് പേർ കൊല്ലപ്പെടുകയും 88 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ ജനുവരിയിൽ ബേനി സുയിഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ 21 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.