'മക്ക റൂട്ട്' പദ്ധതി: ഇന്തോനേഷ്യയിൽ നിന്നുള്ള ആദ്യ ഹാജിമാരുടെ സംഘം മദീനയിലെത്തി

  1. Home
  2. International

'മക്ക റൂട്ട്' പദ്ധതി: ഇന്തോനേഷ്യയിൽ നിന്നുള്ള ആദ്യ ഹാജിമാരുടെ സംഘം മദീനയിലെത്തി

makkah


സൗദി അറേബ്യയുടെ വിപ്ലവകരമായ 'മക്ക റൂട്ട്' പദ്ധതി പ്രകാരം ഈ വർഷത്തെ ആദ്യ തീർഥാടക സംഘം മദീനയിലെത്തി. ഇന്തോനേഷ്യയിലെ ജക്കാർത്തയിലുള്ള സുക്കാർണോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട സംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. വിമാനത്താവളത്തിലെ ദീർഘമായ നടപടിക്രമങ്ങൾ ഒഴിവാക്കി തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.

ഹജ്ജ് വിസ അനുവദിക്കൽ, ബയോമെട്രിക് പരിശോധന, ആരോഗ്യ നിബന്ധനകൾ ഉറപ്പാക്കൽ തുടങ്ങിയ ഇമിഗ്രേഷൻ നടപടികളെല്ലാം ഇന്തോനേഷ്യയിലെ വിമാനത്താവളത്തിൽ വെച്ച് തന്നെ പൂർത്തിയാക്കിയിരുന്നു. ഇതിനാൽ സൗദിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ പാസ്‌പോർട്ട് നടപടികൾക്കായി കാത്തുനിൽക്കാതെ തീർഥാടകർക്ക് പ്രത്യേക ബസുകളിൽ മദീനയിലെ താമസസ്ഥലത്തേക്ക് പോകാൻ സാധിച്ചു. തീർഥാടകരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് അവർ താമസിക്കുന്ന ഹോട്ടലുകളിലേക്ക് അധികൃതർ എത്തിച്ചു നൽകുന്ന സൗകര്യവും ഇതിന്റെ ഭാഗമായുണ്ട്.

സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതി വിജയകരമായി എട്ടാം വർഷത്തിലേക്ക് കടക്കുകയാണ്. വിദേശകാര്യ, ആരോഗ്യ, ഹജ്ജ് മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഏജൻസികളുടെയും എസ്ടിസി (stc) ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി പ്രവർത്തിക്കുന്നത്. ഹജ്ജ് തീർഥാടനം കൂടുതൽ ലളിതവും ആയാസരഹിതവുമാക്കാനുള്ള സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള വലിയൊരു ചുവടുവെപ്പാണിത്.