യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം നാളെ മുതൽ; ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ പുറം ജോലികൾക്ക് വിലക്ക്
വേനൽച്ചൂടിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി യു.എ.ഇയിൽ വാർഷിക ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണിവരെ തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് തൊഴിൽ മന്ത്രാലയം വിലക്കേർപ്പെടുത്തി. സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്കാണ് നിയന്ത്രണം.തുടർച്ചയായ 22-ാം വർഷമാണ് രാജ്യം ഈ നിയമം നടപ്പാക്കുന്നത്. കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും അപകടങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
നിയമപ്രകാരം, ഉച്ചവിശ്രമ വേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സൗകര്യങ്ങൾ ഒരുക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഫാനുകൾ പോലുള്ള കൂളിങ് സംവിധാനങ്ങൾ, ആവശ്യത്തിന് കുടിവെള്ളം, എന്നിവ കമ്പനി നൽകണം
സാങ്കേതിക കാരണങ്ങളാൽ നിർത്തിവെക്കാൻ സാധിക്കാത്ത ചില ജോലികളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അടിയന്തര അറ്റകുറ്റപ്പണികൾ പോലെയുള്ള ഉച്ചവിശ്രമ സമയത്തിന് ശേഷം മാറ്റിവെക്കാൻ കഴിയാത്ത ജോലികളാണ് ഇതിൽ ഉൾപ്പെടുന്നത്. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 50,000 ദിർഹം വരെ പിഴ ലഭിക്കും
