കുവൈത്തിലെ സ്കൂളുകളിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്തിലെ പൊതു-സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും അച്ചടക്കമുള്ളതുമാക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. പണം പിരിക്കൽ, സ്വകാര്യ പരിപാടികൾ, ഭക്ഷണവിൽപ്പന, ഫോട്ടോ-വീഡിയോ ചിത്രീകരണം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് ഏതെങ്കിലും ആവശ്യത്തിനായി പണമോ സമ്മാനങ്ങളോ സ്വീകരിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. കൂടാതെ, സ്കൂൾ പരിസരത്ത് മന്ത്രാലയത്തിന്റെ അനുമതിയില്ലാത്ത ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും പരസ്യപ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. സ്കൂൾ കാന്റീനുകളിലെ ഭക്ഷണസാധനങ്ങളുടെ വിൽപ്പനയും സ്കൂൾ ആഘോഷങ്ങളിലെ ഭക്ഷണവിതരണവും ആരോഗ്യവകുപ്പിന്റെ കർശന മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ നടത്താവൂ.
പുറത്തുനിന്നുള്ള അതിഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന ആഘോഷങ്ങൾക്കും സ്കൂൾ പരിസരത്തെ ഫോട്ടോ/വീഡിയോ ചിത്രീകരണങ്ങൾക്കും മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. വിദ്യാർത്ഥികളുടെ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ അനുമതിയില്ലാതെ പകർത്തി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നതിനും, മന്ത്രാലയത്തിന്റെയും സ്കൂളുകളുടെയും ലോഗോ വ്യക്തിഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലെ അച്ചടക്കവും വിദ്യാർത്ഥികളുടെ സ്വകാര്യതയും ഉറപ്പാക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.
