കുവൈത്തിലെ ആശുപത്രികളിൽ 'ക്വയറ്റ് അവേഴ്സ്' അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം; സന്ദർശന സമയത്തിലും മാറ്റം
കുവൈത്തിലെ സർക്കാർ ആശുപത്രികളിലും പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലും രോഗികൾക്ക് മികച്ച വിശ്രമം ഉറപ്പാക്കുന്നതിനായി 'ക്വയറ്റ് അവേഴ്സ്' (നിശബ്ദ സമയം) സംവിധാനം അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം. ആശുപത്രി വാർഡുകളിൽ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് ക്വയറ്റ് അവേഴ്സ് ആയി നിശ്ചയിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സൽമാൻ അൽ ഖലീഫ അൽ സബാഹ് അറിയിച്ചു. രോഗികൾക്ക് ശാന്തമായ അന്തരീക്ഷത്തിൽ വിശ്രമിക്കാനും തടസ്സമില്ലാതെ ഉറങ്ങാനും വേണ്ടിയാണ് പുതിയ പരിഷ്കാരം. ഈ നിശ്ചിത സമയങ്ങളിൽ അടിയന്തര സ്വഭാവമില്ലാത്ത നഴ്സിംഗ് പരിചരണങ്ങൾ, മെഡിക്കൽ പരിശോധനകൾ, ഇതര ചികിത്സകൾ എന്നിവ പരമാവധി ഒഴിവാക്കുകയോ മറ്റ് സമയങ്ങളിലേക്ക് മാറ്റുകയോ ചെയ്യും.
ക്വയറ്റ് അവേഴ്സ് ഏർപ്പെടുത്തിയതിനൊപ്പം തന്നെ സാധാരണ ദിവസങ്ങളിലെ ആശുപത്രി സന്ദർശന സമയം പ്രതിദിനം 5 മണിക്കൂറായി മന്ത്രാലയം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനി മുതൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 8 മണി വരെയായിരിക്കും പുതുക്കിയ സന്ദർശന സമയം.
എന്നാൽ ഔദ്യോഗിക അവധി ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി, വൈകുന്നേരത്തെ സമയത്തിന് പുറമെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അധിക സന്ദർശന സമയവും അനുവദിക്കും. വരാനിരിക്കുന്ന റമദാൻ മാസത്തിൽ സന്ദർശകർക്കുള്ള സമയം രാത്രി 9 മണി വരെ നീട്ടി നൽകുമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
