ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം; 21 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് കേന്ദ്രസർക്കാർ

  1. Home
  2. International

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം; 21 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് കേന്ദ്രസർക്കാർ

hormuz


ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. കുവൈറ്റ് പതാക വഹിച്ച 'എം.ടി. അൽ ദസ്‌മ' (MT Al Dasma) എന്ന കപ്പലിന് നേരെയാണ് മിസൈൽ ആക്രമണമുണ്ടായതായി സംശയിക്കുന്നത്. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കാൻ സാധിച്ചതായി 'ടൈംസ് കുവൈറ്റ്' റിപ്പോർട്ട് ചെയ്യുന്നു.

ഒമാൻ തീരത്തോട് ചേർന്ന് ബുഖായ്ക്ക് പടിഞ്ഞാറ് 11 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഒക്ടോബർ 21-നാണ് ഈ സംഭവം നടന്നതെന്ന് യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പൽ നിലവിൽ അതേ സ്ഥലത്ത് തന്നെ തുടരുകയാണ്. സംഭവമറിഞ്ഞ ഉടൻ തന്നെ കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ വിഷയത്തിൽ ഇടപെട്ടു. ഷിപ്പിങ് കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം എക്സ് ഹാൻഡിൽ വഴി വ്യക്തമാക്കി.

ആഗോളതലത്തിൽ എണ്ണവില ഉയർത്തുകയെന്ന ലക്ഷ്യത്തോടെ എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്. ഒക്ടോബർ 16-ന് 15 ഇന്ത്യൻ നാവികരുള്ള 'എം.ടി. എസ്ടി 3' കപ്പലിനും, ഒക്ടോബർ 14-ന് 9 ഇന്ത്യൻ നാവികരുള്ള 'യര ജെ' എന്ന ചരക്കുകപ്പലിനും നേരെയും സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഈ കപ്പലുകളിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. സമുദ്രത്തിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അന്താരാഷ്ട്ര ജലപാതകളിലെ വാണിജ്യ നീക്കം തടസ്സമില്ലാതെ തുടരാൻ അടിയന്തര നടപടി വേണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. കടലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ എപ്പോഴും ഉയർന്ന മുൻഗണന നൽകുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.