സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ പതിച്ചുണ്ടായ അപകടം; മരിച്ചത് ബംഗ്ലാദേശ് സ്വദേശി
ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ മരിച്ച പ്രവാസി തൊഴിലാളിയെ തിരിച്ചറിഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ അബുൾ മൊഹ്‌സിൻ താരീഖ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അറബ് ഷിപ്പ് ബിൽഡിംഗ് ആൻഡ് റിപ്പയർ യാർഡിൽ (ASRY) അറ്റകുറ്റപ്പണി നടക്കുകയായിരുന്ന 'സ്റ്റീന ഇംപെറേറ്റീവ്' എന്ന വിദേശ കപ്പലിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്നുണ്ടായ തീപിടുത്തത്തിലാണ് താരീഖ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 32 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന താരീഖ്, വരാനിരിക്കുന്ന ഈദുൽ ഫിത്തറിന് നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. വർഷങ്ങൾ നീണ്ട പ്രവാസത്തിന് ശേഷം കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കാത്തിരുന്ന താരീഖിന്റെ വിയോഗം ഉറ്റവരെ തീരാദുഃഖത്തിലാഴ്ത്തി. താരീഖിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനായി ബഹ്‌റൈനിലെ ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെയുണ്ടായ ഈ അപകടം പ്രവാസികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കപ്പൽശാലയിലെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായും പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും അധികൃതർ അറിയിച്ചു.
