ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പോകുന്നതിനിടെ കാണാതായ വിമാനം തകർന്നുവീണതായി സ്ഥിരീകരണം: അഞ്ചുപേർ മരിച്ചു
ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്നതിനിടെ കാണാതായ ചരക്ക് വിമാനം തകർന്നുവീണതായി സ്ഥിരീകരണം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു.ബോയിംഗ് 737 ചരക്ക് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് മണിക്കൂറുകൾക്കകം വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം അറബിക്കടലിൽ തകർന്നുവീണതായി സ്ഥിരീകരിച്ചത്. അപകടകാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി കറാച്ചിക്ക് സമീപത്തുവെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. പാകിസ്താൻ സമയം രാത്രി 9.18-ഓടെ വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാറുണ്ടെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. പിന്നാലെ വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രാത്രി 9.21-ഓടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. കറാച്ചിയിൽ നിന്ന് ഏകദേശം 287 കിലോമീറ്റർ പടിഞ്ഞാറായാണ് അവസാനമായി വിമാനത്തിന്റെ സിഗ്നൽ ലഭിച്ചത്.
