ദുബായിൽ ജലപാതകളുടെ മൊബൈൽ മാപ്പിങ് സർവേ പൂർത്തിയായി; പശ്ചിമേഷ്യയിൽ ഇതാദ്യം
അതിനൂതനമായ മൊബൈൽ മാപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് എമിറേറ്റിലെ ജലപാതകളും കനാലുകളും സർവേ നടത്താനുള്ള പരീക്ഷണ പദ്ധതി ദുബായ് മുനിസിപ്പാലിറ്റി വിജയകരമായി പൂർത്തിയാക്കി. പശ്ചിമേഷ്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു നൂതന സർവേ സംഘടിപ്പിക്കുന്നത്. പ്രത്യേക സജ്ജീകരണങ്ങളുള്ള ബോട്ടിൽ ഘടിപ്പിച്ച 'ലൈക ടി.ആർ.കെ' (Leica TRK) എന്ന അത്യാധുനിക സംവിധാനം വഴിയാണ് ജലപാതകളുടെ ജിയോസ്പേഷ്യൽ ഡാറ്റ ശേഖരിച്ചത്.
അൽ ജദ്ദാഫിലെ വാട്ടർ കനാലുകളിലുടനീളം നടത്തിയ വിപുലമായ സർവേയിലൂടെ കനാലുകളുടെ കൃത്യതയാർന്ന ത്രീഡി മോഡലുകൾ വികസിപ്പിക്കാൻ സാധിച്ചുവെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ശേഖരിച്ച ഈ ഡാറ്റകൾ നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്താനും അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗര ആസൂത്രണത്തിനും ഉപയോഗിക്കും.
കൃത്യമായ ഡാറ്റകളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സർക്കാർ സ്ഥാപനങ്ങളെ ഈ സംരംഭം സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി ജി.ഐ.എസ് സെന്റർ ഡയറക്ടർ എൻജിനീയർ മെയ്ത ആൽ നുഐമി പറഞ്ഞു. എമിറേറ്റിന്റെ 'ഡിജിറ്റൽ ട്വിൻ' (Digital Twin) പദ്ധതിയെ പിന്തുണയ്ക്കുന്നതിനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
