ഇറാനിൽ കൊല്ലപ്പെട്ട 160-ലേറെ കുരുന്നുകൾക്ക് കൂട്ടസംസ്‌കാരം; കബറുകളുടെ ചിത്രം പങ്കുവെച്ച് വിദേശകാര്യമന്ത്രി
ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്‌കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലേറെ വിദ്യാർത്ഥിനികളുടെ സംസ്‌കാരമാണ് ഒരുമിച്ച് നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു.
'ഒരു പ്രൈമറി സ്‌കൂളിൽ യുഎസും ഇസ്രായേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ 160-ലധികം പെൺകുട്ടികൾക്കായി കുഴിക്കുന്ന കബറുകളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിഞ്ഞിരിക്കുന്നു. മിസ്റ്റർ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാർത്ഥത്തിൽ ഇങ്ങനെയാണ്. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെടുന്നു'', അബ്ബാസ് അരാഗ്ചി കുറിച്ചു. ഇറാനുനേരെ ആക്രമണം ആരംഭിച്ച ആദ്യദിവസമാണ് മിനാബിലെ സ്‌കൂളിന് നേരെയും വ്യോമാക്രമണമുണ്ടായത്.
