സൗദിയിൽ റോഡപകട മരണങ്ങളിൽ അറുപത് ശതമാനത്തിലധികം കുറവ്; പത്ത് വർഷത്തെ വാർഷിക റിപ്പോർട്ട് പുറത്ത്

  1. Home
  2. International

സൗദിയിൽ റോഡപകട മരണങ്ങളിൽ അറുപത് ശതമാനത്തിലധികം കുറവ്; പത്ത് വർഷത്തെ വാർഷിക റിപ്പോർട്ട് പുറത്ത്

saudi arabia


സൗദി അറേബ്യയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ റോഡപകട മരണങ്ങളിൽ അറുപത് (60) ശതമാനത്തിലധികം കുറവുണ്ടായതായി റോഡ് സുരക്ഷയ്ക്കായുള്ള മന്ത്രിതല സമിതിയുടെ 2025-ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യം നടപ്പാക്കിയ കർശനമായ ട്രാഫിക് നിയമ പരിഷ്കാരങ്ങളാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിൽ. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ (കോവിഡ് വർഷങ്ങളായ 2020, 2021 ഒഴിവാക്കി) അപകടങ്ങൾ കുറഞ്ഞതുവഴി 83.6 ബില്യൺ റിയാലിന്റെ വൻ സാമ്പത്തിക ലാഭമാണ് രാജ്യം സ്വന്തമാക്കിയത്. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് (2024-2025) അപകടച്ചെലവിൽ 2.2 ബില്യൺ റിയാലിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്.

2016-ൽ രാജ്യത്ത് 8,632 ആയിരുന്ന ഗതാഗത മരണങ്ങൾ 2025 ആയപ്പോഴേക്കും 4,438 ആയി കുറഞ്ഞു. അപകടം മൂലമുള്ള പരിക്കുകൾ 34 ശതമാനം കുറഞ്ഞ് 24,290 ആയും, ഗുരുതര അപകടങ്ങൾ 23 ശതമാനം കുറഞ്ഞ് 17,805 ആയും മാറി. ഇതോടെ, ഓരോ ഒരു ലക്ഷം പേരിലുമുള്ള മരണനിരക്ക് 28.8-ൽ നിന്നും 12.05 ആയി കുറയ്ക്കാൻ സൗദിക്ക് സാധിച്ചു. അപകടകരമായ രീതിയിൽ നിയമലംഘനം നടത്തുന്ന വിദേശി ഡ്രൈവർമാരെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള ട്രാഫിക് നിയമ പരിഷ്കരണവും, 'സൗദി റോഡ് കോഡ്' മാനദണ്ഡങ്ങളും 2025-ൽ കർശനമായി നടപ്പാക്കിയിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം 4,100-ലധികം ഓട്ടോമേറ്റഡ് നിരീക്ഷണ ക്യാമറകളാണ് വിന്യസിച്ചത്.

റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കിഴക്കൻ പ്രവിശ്യ (ഈസ്റ്റേൺ പ്രവിശ്യ) ഒന്നാമതും, അൽ ജൗഫ് രണ്ടാമതും, ജിസാൻ മൂന്നാമതുമെത്തി. മരണനിരക്ക് ഏറ്റവും കുറവ് കിഴക്കൻ പ്രവിശ്യയിലാണ് (ലക്ഷത്തിൽ 7.68). എന്നാൽ തബൂക്ക് (19.38), അൽ ബാഹ (18.73), ജിസാൻ (18.63) എന്നിവിടങ്ങളിൽ മരണനിരക്ക് കൂടുതലാണ്. പരിക്കുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ് (7,739); ഏറ്റവും കുറവ് അസീറിലും (1,229). ഗതാഗത മരണങ്ങളിൽ 51.4 ശതമാനവും സൗദി പൗരന്മാരാണ്. ഏറ്റവും കുറവ് മരണനിരക്കുള്ളത് ഇന്ത്യക്കാർക്കാണ് (4.8 ശതമാനം).

റിപ്പോർട്ട് അനുസരിച്ച് റോഡപകടങ്ങളിൽ 92.8 ശതമാനവും ചലിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് ഉണ്ടാകുന്നത്. വാഹനം ഓടിക്കുമ്പോൾ മുൻപിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടങ്ങളുടെ പ്രധാന കാരണം (29.2 ശതമാനം). പെട്ടെന്നുള്ള ലെയ്ൻ മാറ്റം (27.9 ശതമാനം), റൈറ്റ് ഓഫ് വേ ലംഘനം (10.3 ശതമാനം), ശ്രദ്ധതിരിയൽ (5.6 ശതമാനം), വൺവേ ലംഘനം (0.7 ശതമാനം) എന്നിവയാണ് അപകടങ്ങളിലേക്ക് നയിക്കുന്ന മറ്റ് പ്രധാന ഘടകങ്ങൾ.