ബഹ്‌റൈനിൽ പ്രവാസി തൊഴിലാളികളിൽ പകുതിയിലധികവും കുറഞ്ഞ ശമ്പളക്കാർ; പുതിയ തൊഴി​ൽ റിപ്പോർട്ട് പുറത്ത്

  1. Home
  2. International

ബഹ്‌റൈനിൽ പ്രവാസി തൊഴിലാളികളിൽ പകുതിയിലധികവും കുറഞ്ഞ ശമ്പളക്കാർ; പുതിയ തൊഴി​ൽ റിപ്പോർട്ട് പുറത്ത്

bahrain


ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ പ്രവാസികളും സ്വദേശികളും തമ്മിലുള്ള വേതനത്തിൽ വലിയ അന്തരം നിലനിൽക്കുന്നതായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ (SIO) ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള 4,73,323 പ്രവാസി തൊഴിലാളികളിൽ ഏകദേശം 71 ശതമാനം പേരും (3,36,746 പേർ) പ്രതിമാസം 200 ബഹ്‌റൈൻ ദീനാറിൽ താഴെ മാത്രം വരുമാനമുള്ളവരാണ്. പ്രവാസികളുടെ മൊത്തത്തിലുള്ള ശരാശരി മാസശമ്പളം 267 ദീനാറാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സ്വദേശികളായ ബഹ്‌റൈൻ പൗരന്മാരുടെ ശമ്പള നിരക്കിൽ വർധനവുണ്ട്. സ്വദേശികളുടെ ശരാശരി മാസശമ്പളം 919 ദീനാറാണ്. ഇതിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശരാശരി 973 ദീനാറും സ്വകാര്യ മേഖലയിലുള്ളവർക്ക് 892 ദീനാറുമാണ് ശരാശരി വേതനം. നിലവിൽ ജോലിയിലുള്ള 1,57,213 സ്വദേശികളിൽ 67 ശതമാനം പേരും സ്വകാര്യ മേഖലയെയാണ് ഉപജീവനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

സ്ത്രീകളുടെ തൊഴി​ൽ പങ്കാളിത്തത്തിൽ സർക്കാർ മേഖല വലിയ മുന്നേറ്റമാണ് നടത്തുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ 55 ശതമാനവും സ്ത്രീകളാണ്. എന്നാൽ സ്വകാര്യ മേഖലയിൽ 64 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളുമാണ് ജോലി ചെയ്യുന്നത്. പ്രവാസി തൊഴിലാളികളിൽ ഭൂരിഭാഗവും (89.3%) പുരുഷന്മാരാണ്. വേതന നിരക്കിലെ ഈ വലിയ വ്യത്യാസം വരും ദിവസങ്ങളിൽ രാജ്യത്തെ തൊഴിൽ നയരൂപീകരണത്തിൽ നിർണ്ണായകമായേക്കും.