കുടുംബത്തിന്റെ നട്ടെല്ല് അമ്മമാർ; മാതൃദിനത്തിൽ ആദരമർപ്പിച്ച് യുഎഇ
സുസ്ഥിരമായ ഒരു സമൂഹത്തിന്റെ അടിസ്ഥാനശില കുടുംബമാണെന്നും ആ ഭദ്രത ഉറപ്പാക്കുന്നതിൽ അമ്മമാർ വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്നും യുഎഇ. മാർച്ച് 21-ന് രാജ്യം മാതൃദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുഎഇ കുടുംബകാര്യ മന്ത്രി സന ബിൻത് മുഹമ്മദ് സുഹൈലും ഫാമിലി കെയർ അതോറിറ്റി (FCA) ഡയറക്ടർ ജനറൽ സലാമ അൽ അമീമിയും നൽകിയ സന്ദേശങ്ങളിൽ അമ്മമാരുടെ നിസ്തുലമായ സേവനങ്ങളെ പ്രകീർത്തിച്ചു. കുടുംബത്തിന്റെ ഹൃദയമിടിപ്പാണ് അമ്മമാരെന്നും കുട്ടികളിൽ ഉത്തരവാദിത്തബോധവും രാജ്യത്തോടുള്ള സ്നേഹവും വളർത്തുന്ന ആദ്യ വിദ്യാലയമാണ് ഓരോ അമ്മയെന്നും മന്ത്രി സന ബിൻത് മുഹമ്മദ് സുഹൈൽ വിശേഷിപ്പിച്ചു.
കുടുംബം സമൂഹത്തിന്റെ തൂണാണെങ്കിൽ അമ്മ അതിന്റെ നട്ടെല്ലാണെന്ന് സലാമ അൽ അമീമി തന്റെ സന്ദേശത്തിൽ പറഞ്ഞു. അമ്മമാരെ ശാക്തീകരിക്കുന്നത് സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണകരമാകുമെന്ന തിരിച്ചറിവിൽ, അവർക്ക് ആവശ്യമായ എല്ലാ പ്രായോഗിക പിന്തുണയും നൽകുക എന്നത് യുഎഇയുടെ ദേശീയ വികസന അജണ്ടയുടെ മുൻഗണനയാണ്. ഇതിനായി സംയോജിത നയങ്ങളും നിയമനിർമ്മാണങ്ങളുമാണ് സർക്കാർ നടപ്പിലാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനും കുടുംബഭദ്രതയ്ക്കുമായി 'രാഷ്ട്രമാതാവ്' ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് നൽകുന്ന ദീർഘവീക്ഷണത്തോടുള്ള പ്രവർത്തനങ്ങളെയും നേതാക്കൾ പ്രശംസിച്ചു.
രാജ്യം 'കുടുംബ വർഷം' ആചരിക്കുന്ന വേളയിലാണ് ഇത്തവണത്തെ മാതൃദിനം എന്നതും ഏറെ ശ്രദ്ധേയമാണ്. മാറുന്ന കാലത്തെ വെല്ലുവിളികൾ നേരിടാൻ കുടുംബങ്ങൾക്കിടയിൽ കൃത്യമായ ബോധവൽക്കരണം വേണമെന്നും സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഓരോ കുടുംബത്തിനും അഭിവൃദ്ധി പ്രാപിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന പ്രതിജ്ഞയോടെയാണ് യുഎഇ ഇത്തവണ മാതൃദിനത്തെ വരവേൽക്കുന്നത്. യുഎഇയിൽ ഇന്ന് പെയ്യുന്ന മഴ മാതൃദിന ആഘോഷങ്ങൾക്ക് കുളിർമ്മയേകുന്ന മറ്റൊരു കാഴ്ചയായി.
