മക്കാ, മദീന ഹറം പള്ളികളിൽ ഇനി ബഹുഭാഷാ എ.ഐ റോബോട്ടുകൾ; തീർത്ഥാടകർക്ക് വഴികാട്ടിയാകും
പുണ്യനഗരങ്ങളായ മക്കയിലെയും മദീനയിലെയും ഹറം പള്ളികളിൽ തീർത്ഥാടകരെ സഹായിക്കാൻ ഇനി ബഹുഭാഷാ നിർമ്മിത ബുദ്ധി (AI) സ്മാർട്ട് റോബോട്ടുകളും. ഇരു ഹറം പള്ളികളിലെയും സ്ഥലങ്ങളെക്കുറിച്ചും ലഭ്യമായ വിവിധ സൗകര്യങ്ങളെക്കുറിച്ചും തീർത്ഥാടകർക്ക് വിവരം നൽകുന്നതിനാണ് അത്യാധുനിക റോബോട്ടുകളെ വിന്യസിച്ചിരിക്കുന്നത്. ഹറം മതകാര്യ പ്രസിഡൻസിയാണ് ഈ സ്മാർട്ട് സേവനം ഒരുക്കിയിരിക്കുന്നത്.
പള്ളികളിലെ വിവിധ ഇടങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം, തീർത്ഥാടകരുടെ മതപരമായ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ഈ റോബോട്ടുകൾ മറുപടി നൽകും. വളരെ ലളിതമായ യൂസർ ഇന്റർഫേസ് ഉള്ളതിനാൽ ഏത് പ്രായത്തിലുള്ളവർക്കും ഇത് എളുപ്പത്തിൽ ഉപയോഗിക്കാനാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിൽ, ഒന്നിലധികം ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന ഈ റോബോട്ടുകൾ വലിയ അനുഗ്രഹമാകും.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീർത്ഥാടന അനുഭവം കൂടുതൽ സുഗമമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ പള്ളികളിൽ പലയിടത്തും റോബോട്ടുകളുടെ സേവനം സന്ദർശകർക്ക് ലഭ്യമായിത്തുടങ്ങി.
