മൾട്ടിപ്പിൾ എൻട്രി ഉംറ വിസ: സേവന പാക്കേജ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം
മൾട്ടിപ്പിൾ എൻട്രി ഉംറ വിസ കൈവശമുള്ള തീർത്ഥാടകർ രാജ്യത്തേക്ക് എത്തുന്നതിന് മുൻപായി അംഗീകൃത സേവന പാക്കേജുകൾ നിർബന്ധമായും ബുക്ക് ചെയ്യണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. വിസ ഉള്ളതുകൊണ്ട് മാത്രം ഉംറ സേവനങ്ങൾ ലഭ്യമാകില്ലെന്നും 'നുസുക്' പ്ലാറ്റ്‌ഫോം വഴി കൃത്യമായ പാക്കേജുകൾ സ്വന്തമാക്കണമെന്നും മന്ത്രാലയം ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ഇഷ്യൂ ചെയ്യുന്ന തീയതി മുതൽ ഒരു വർഷമാണ് മൾട്ടിപ്പിൾ എൻട്രി വിസയുടെ കാലാവധി. ഈ കാലയളവിൽ പലതവണ രാജ്യത്ത് വരാമെങ്കിലും ഒരു വർഷത്തിനുള്ളിൽ പരമാവധി 90 ദിവസം മാത്രമേ തങ്ങാൻ സാധിക്കൂ. സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപ് 'നുസുക്' ആപ്പ് വഴി ഉംറ പെർമിറ്റ് എടുക്കേണ്ടതുണ്ട്.
പെർമിറ്റിലെ തീയതിയും ബുക്ക് ചെയ്ത സേവന പാക്കേജിലെ തീയതിയും തമ്മിൽ പൊരുത്തപ്പെട്ടിരിക്കണമെന്നും തിരഞ്ഞെടുക്കുന്ന പാക്കേജിന്റെ കാലാവധി വിസയിലെ ബാക്കി ദിവസങ്ങളേക്കാൾ കൂടരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
