മുറാസലാത്ത് നിർത്തലാക്കുന്നു; ഔദ്യോഗിക സന്ദേശമയക്കലിന് പുതിയ ദേശീയ പ്ലാറ്റ്‌ഫോമുമായി സൗദി

  1. Home
  2. International

മുറാസലാത്ത് നിർത്തലാക്കുന്നു; ഔദ്യോഗിക സന്ദേശമയക്കലിന് പുതിയ ദേശീയ പ്ലാറ്റ്‌ഫോമുമായി സൗദി

saudi


സൗദി അറേബ്യയിലെ വിവിധ സർക്കാർ ഓഫിസുകൾ തമ്മിൽ ഔദ്യോഗിക രേഖകളും വിവരങ്ങളും കൈമാറാൻ ഉപയോഗിച്ചിരുന്ന 'മുറാസലാത്ത്' ഇലക്ട്രോണിക് സംവിധാനം പൂർണമായും നിർത്തലാക്കുന്നു. പകരം കൂടുതൽ ആധുനികമായ ‘ദേശീയ സർക്കാർ സന്ദേശമയക്കൽ പ്ലാറ്റ്‌ഫോം’ നടപ്പാക്കാൻ സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. വാർത്താവിനിമയ-വിവരസാങ്കേതികവിദ്യ മന്ത്രിയും ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി ചെയർമാനുമായ ഉദ്യോഗസ്ഥൻ നൽകിയ നിർദേശത്തെ തുടർന്നാണ് ഈ മാറ്റം. സൗദി അറേബ്യയുടെ ഔദ്യോഗിക പത്രമായ 'ഉമ്മുൽ ഖുറാ'യിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

സൗദിയുടെ ഔദ്യോഗിക ഇ-ഗവൺമെന്റ് പ്രോഗ്രാമായ 'യസ്സർ' നിർമ്മിച്ച് പ്രവർത്തിപ്പിച്ചിരുന്ന മുറാസലാത്ത് സംവിധാനമാണ് ഒട്ടനവധി സർക്കാർ സ്ഥാപനങ്ങൾ പരസ്പരം ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്നത്. പേപ്പർരഹിതമായി ഫയലുകളും കത്തുകളും സുരക്ഷിതമായി അയക്കാനും അവ ട്രാക്ക് ചെയ്യാനും സഹായിച്ചിരുന്ന പ്ലാറ്റ്‌ഫോമിന് പകരമായാണ് ഇനി ആധുനിക രീതിയിലുള്ള പുതിയ ദേശീയ സംവിധാനം നിലവിൽ വരുന്നത്.