മസ്‌കത്ത് തീരത്ത് ഉരു മുങ്ങി അപകടം; നാല് ജീവനക്കാരെയും സുരക്ഷിതമായി രക്ഷിച്ച് ഒമാൻ കോസ്റ്റ് ഗാർഡ്
മസ്‌കത്ത് തീരത്തിന് സമീപം കടലിൽ മുങ്ങിത്തുടങ്ങിയ ഉരുവിലെ (പരമ്പരാഗത കപ്പൽ) ജീവനക്കാരെ റോയൽ ഒമാൻ പോലീസ് (ROP) കോസ്റ്റ് ഗാർഡ് വിഭാഗം സാഹസികമായി രക്ഷപ്പെടുത്തി. ഏഷ്യൻ, ആഫ്രിക്കൻ സ്വദേശികളായ നാല് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഒരു ആഫ്രിക്കൻ രാജ്യത്തേക്ക് സർവീസ് നടത്തുന്നതിനിടെയാണ് കപ്പലിൽ വൻതോതിൽ വെള്ളം കയറുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് കോസ്റ്റ് ഗാർഡ് കമാൻഡിന്റെ രക്ഷാപ്രവർത്തക സംഘം ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിക്കുകയും ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകിയതായും അധികൃതർ വ്യക്തമാക്കി.
