കരാർ ലംഘനം: മസ്‌കത്തിൽ വാഹന ഗാരേജുകൾക്ക് 1,600 റിയാൽ പിഴ ചുമത്തി കോടതി
ഉപഭോക്താക്കളുമായുള്ള കരാർ വ്യവസ്ഥകൾ ലംഘിക്കുകയും അറ്റകുറ്റപ്പണികളിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്ത മസ്‌കത്തിലെ മൂന്ന് വാഹന ഗാരേജുകൾക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA) നിയമനടപടി സ്വീകരിച്ചു. നിയമലംഘനം തെളിഞ്ഞതിനെ തുടർന്ന് സ്ഥാപനങ്ങൾക്കും പ്രതികൾക്കുമായി ആകെ 1,600 ഒമാനി റിയാൽ പിഴ ചുമത്തി കോടതി ഉത്തരവിട്ടു. തുടർ നടപടികൾക്കായി സിവിൽ നഷ്ടപരിഹാര ക്ലെയിമുകൾ സിവിൽ കോടതിയിലേക്ക് റഫർ ചെയ്തതോടൊപ്പം, കോടതിച്ചെലവുകൾ പ്രതികൾ തന്നെ വഹിക്കണമെന്നും വിധിച്ചിട്ടുണ്ട്. മൂന്ന് ഉപഭോക്താക്കൾ സമർപ്പിച്ച പരാതികളിൽ അതോറിറ്റി നടത്തിയ അന്വേഷണമാണ് പബ്ലിക് പ്രോസിക്യൂഷൻ വഴി കോടതിയിലെത്തിയത്.
വാഹനം റീപെയിന്റ് ചെയ്യുന്നത് അനാവശ്യമായി വൈകിപ്പിക്കുകയും അറ്റകുറ്റപ്പണിക്കിടെ കൂടുതൽ കേടുപാടുകൾ വരുത്തി ഇൻവോയ്സ് നൽകാൻ വിസമ്മതിക്കുകയുമാണ് ഒന്നാമത്തെ ഗാരേജ് ചെയ്തത്. എഞ്ചിൻ അറ്റകുറ്റപ്പണിക്കായി മുൻകൂറായി പണം വാങ്ങിയ ശേഷം മൂന്ന് വർഷത്തോളമായി ജോലി പൂർത്തിയാക്കി നൽകാതിരുന്നതാണ് രണ്ടാമത്തെ സംഭവം. ഏഴ് മാസത്തോളം വാഹനം വർക്ക്ഷോപ്പിൽ സൂക്ഷിക്കുകയും ഉടമയുടെ അനുമതിയില്ലാതെ ഗിയർ ബോക്സ് മാറ്റുകയും പല സ്ഥലങ്ങളിലേക്ക് മാറ്റുകയുമാണ് മൂന്നാമത്തെ ഗാരേജ് ചെയ്തത്.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
