പൊതുസ്ഥലങ്ങളിൽ അനധികൃതമായി വാഹനങ്ങൾ വിൽപ്പനയ്ക്ക് വെയ്ക്കരുത്: മുന്നറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി
അനുമതിയില്ലാത്ത പൊതുസ്ഥലങ്ങളിലും റോഡുകളിലും വാഹനങ്ങൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി. ഇത്തരം അനധികൃത പാർക്കിങ് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ടെന്നും നഗരത്തിന്റെ ഭംഗിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മുൻസിപ്പാലിറ്റി ബോധവൽക്കരണ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കുകയും വാഹനം മാറ്റിസ്ഥാപിക്കാൻ ഉടമയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്യും. നിർദ്ദിഷ്ട സമയത്തിനുള്ളിൽ വാഹനം മാറ്റിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനും അധികൃതരുമായി സഹകരിക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
