നീറ്റ് പുനഃപരീക്ഷ നാളെ റിയാദിൽ; മാർഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

  1. Home
  2. International

നീറ്റ് പുനഃപരീക്ഷ നാളെ റിയാദിൽ; മാർഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

EXam


റിയാദിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ് (NEET) പുനഃപരീക്ഷയ്ക്കുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ എംബസിയും റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധികൃതരും അറിയിച്ചു. പരീക്ഷ സുഗമമായി നടത്തുന്നതിനായി കൃത്യമായ സമയക്രമങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയുള്ള പ്രത്യേക മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കി. റിയാദിലെ റൗദയിലുള്ള ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷനാണ് (അൽ ഇഹ്സാന ബിൻ അലി സ്ട്രീറ്റ്, എക്സിറ്റ് 24, റബുഅ) പരീക്ഷാ കേന്ദ്രം.

സൗദി സമയം രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞ് 2.45 വരെയാണ് പരീക്ഷ നടക്കുക. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ വിദ്യാർഥികൾ കൃത്യസമയത്ത് തന്നെ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരീക്ഷാ കേന്ദ്രത്തിന്റെ പ്രവേശന കവാടം രാവിലെ 8.30-ന് തുറക്കും. വിദ്യാർത്ഥികൾ രാവിലെ 10.30-ന് മുമ്പായി കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിച്ചു. രാവിലെ 11 മണിക്ക് ഗേറ്റ് പൂർണ്ണമായി അടയ്ക്കും; ഇതിനുശേഷം എത്തുന്നവരെ യാതൊരു കാരണവശാലും ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല. ഒറിജിനൽ അഡ്മിറ്റ് കാർഡും ഒറിജിനൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും (പാസ്‌പോർട്ട് അല്ലെങ്കിൽ ആധാർ കാർഡ്) കൈയിൽ കരുതുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

അഡ്മിറ്റ് കാർഡിന്റെ ഒന്നാം പേജിൽ ഒട്ടിച്ച ഫോട്ടോയ്ക്ക് പുറമെ, അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും രണ്ടാം പേജിൽ പതിക്കാൻ പോസ്റ്റ് കാർഡ് സൈസ് കളർ ഫോട്ടോയും വിദ്യാർത്ഥികൾ കരുതണം. പരീക്ഷാ സുതാര്യത ഉറപ്പാക്കാൻ ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചുള്ള കനത്ത സുരക്ഷാ പരിശോധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ചുകൾ, പഠന സാമഗ്രികൾ, ബാഗ്, വാലറ്റ്, ബെൽറ്റ്, തൊപ്പി, ലോഹ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, വെള്ളക്കുപ്പി എന്നിവ ഹാളിനുള്ളിൽ അനുവദിക്കില്ല.

നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നിർദേശിച്ചിട്ടുള്ള ഡ്രസ്സ് കോഡ് വിദ്യാർഥികൾ കർശനമായി പാലിക്കണം. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങളും ഹൈ ഹീൽസ് ചെരുപ്പുകളും പൂർണമായും ഒഴിവാക്കണമെന്നും, എൻ.ടി.എയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുക്കൊണ്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും സഹകരിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.