നേപ്പാൾ പ്രളയം: കാണാതായ 10 പേരെ കൂടി ജീവനോടെ കണ്ടെത്തി യു.എ.ഇ രക്ഷാസേന
നേപ്പാളിൽ കനത്ത നാശം വിതച്ച മഹാപ്രളയത്തിൽ കാണാതായ 10 പേരെ കൂടി യു.എ.ഇയുടെ പ്രത്യേക രക്ഷാസേന ജീവനോടെ കണ്ടെത്തി. നേപ്പാളി അധികൃതരുമായി സഹകരിച്ച് നടത്തുന്ന ദൗത്യത്തിലൂടെ ഇതോടെ യു.എ.ഇ സേന കണ്ടെത്തിയവരുടെ ആകെ എണ്ണം 18 ആയി ഉയർന്നു. റസുവ, ത്രിശൂലി നദീതീര മേഖലകൾ കേന്ദ്രീകരിച്ച് ഡ്രോണുകൾ, ത്രിഡി മാപ്പിങ്, വ്യോമ സർവേകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്.
തിരച്ചിൽ ഊർജ്ജിതമായി തുടരുന്നതിനിടെ, അഞ്ചാമത്തെ യു.എ.ഇ ദുരിതാശ്വാസ വിമാനവും നേപ്പാളിൽ എത്തിച്ചേർന്നു. രക്ഷാപ്രവർത്തനത്തിനാവശ്യമായ ബോട്ടുകൾ, ഡ്രോണുകൾ, പവർ ജനറേറ്ററുകൾ, മറ്റ് സാങ്കേതിക-ലോജിസ്റ്റിക്സ് ഉപകരണങ്ങൾ എന്നിവയാണ് വിമാനത്തിൽ എത്തിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ലോകരാജ്യങ്ങൾക്ക് കൈത്താങ്ങാകുക എന്നത് യു.എ.ഇയുടെ കാരുണ്യ നയത്തിന്റെ ഭാഗമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും യു.എ.ഇ റിലീഫ് ഓപ്പറേഷൻസ് ഡയറക്ടർ ഹമൂദ് അൽ അഫാരി അറിയിച്ചു.
