നെസ്‌ലെ ബേബി മിൽക്ക് ഉൽപ്പന്നങ്ങൾ സൗദി വിപണിയിൽ നിന്ന് പിൻവലിച്ചു; വിഷാംശം അടങ്ങിയതായി സംശയം
പ്രമുഖ കമ്പനിയായ നെസ്‌ലെയുടെ വിവിധ ബേബി മിൽക്ക് ഉൽപ്പന്നങ്ങൾ സൗദി അറേബ്യ വിപണിയിൽ നിന്ന് പിൻവലിച്ചു. നെസ്‌ലെയുടെ നാൻ (NAN), അൽഫാമിനോ (Althamino), എസ്-26 ഗോൾഡ് (S-26 Gold), എസ്-26 അൾട്ടിമ (S-26 Ultima) എന്നീ ബ്രാൻഡുകളുടെ നിശ്ചിത ബാച്ചുകളിലെ ഉൽപ്പന്നങ്ങളാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) നീക്കം ചെയ്തത്. ഈ ഉൽപ്പന്നങ്ങളിൽ 'ബാസിലസ് സിറിയസ്' എന്ന ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന 'സിറിയുലൈഡ്' എന്ന വിഷാംശം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന ഈ വിഷാംശം ഉള്ളിൽച്ചെന്നാൽ ഛർദ്ദി, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. എന്നാൽ, നിലവിൽ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചത് മൂലം ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിപണിയിൽ നിന്ന് ഇവ പൂർണ്ണമായും പിൻവലിക്കാൻ നിർദ്ദേശിച്ചത്. ഇതിനായി കമ്പനിയുമായി ചേർന്ന് ആവശ്യമായ നടപടികൾ അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്.
വാങ്ങിയ ഉൽപ്പന്നങ്ങൾ ഏതൊക്കെ ബാച്ചിൽപ്പെട്ടതാണെന്ന് പരിശോധിക്കാനും സംശയമുള്ളവ ഉപയോഗിക്കരുതെന്നും അതോറിറ്റി ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. കുട്ടികളുടെ ഭക്ഷണസാധനങ്ങളിൽ ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടി.
