സമാധാന ചർച്ചയ്ക്കിടെ ഇറാൻ പ്രതിനിധികളെ വധിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ട് തള്ളി നെതന്യാഹു

  1. Home
  2. International

സമാധാന ചർച്ചയ്ക്കിടെ ഇറാൻ പ്രതിനിധികളെ വധിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ട് തള്ളി നെതന്യാഹു

netanyahu


 

യുഎസുമായുള്ള സമാധാന ചർച്ചകൾക്കിടെ ഇറാനിയൻ പ്രതിനിധികളെ തങ്ങൾ വധിക്കാൻ പദ്ധതിയിട്ടെന്ന റിപ്പോർട്ട് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് തള്ളി. ഇസ്ലാമാബാദ് ചർച്ചയ്ക്കിടെ മുതിർന്ന ഇറാനിയൻ പ്രതിനിധികളെ ഇസ്രായേൽ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ ഭയന്നിരുന്നതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇത് വ്യാജ വാർത്തയാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

ഇസ്ലാമാബാദ് ചർച്ചകളിൽ പങ്കെടുത്തിരുന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് എന്നിവർക്ക് യുഎസ് ഉദ്യോഗസ്ഥർ ഇസ്രയേലിന്റെ ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയെന്നായിരുന്നു റിപ്പോർട്ട്.

ഏപ്രിൽ 8-ന് യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷമുള്ള ആഴ്ചകളിൽ ഈ രണ്ട് മുതിർന്ന ഇറാനിയൻ പ്രതിനിധികളെയും ലക്ഷ്യമിടാൻ ഇസ്രായേൽ പദ്ധതിയിട്ടേക്കാമെന്ന് ചില യുഎസ് ഉദ്യോഗസ്ഥരും വിശ്വസിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം സമാധാന ശ്രമങ്ങൾക്കിടെ പ്രതിനിധികളെ ലക്ഷ്യമിട്ട മുൻകാല ചരിത്രം ഇസ്രയേലിനുണ്ട്. 2025 സെപ്റ്റംബറിൽ ദോഹയിൽ ഹമാസിന്റെ ചർച്ചാ സംഘത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.