ക്യാൻസർ ബാധിച്ചിരുന്നു, ചികിത്സിച്ച് ഭേദമാക്കിയെന്ന് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ

  1. Home
  2. International

ക്യാൻസർ ബാധിച്ചിരുന്നു, ചികിത്സിച്ച് ഭേദമാക്കിയെന്ന് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ

netanyahu


ഇറാനുമായുള്ള യുദ്ധസാഹചര്യങ്ങൾക്കിടയിൽ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തനിക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിരുന്നുവെന്നും ചികിത്സയിലൂടെ അത് പൂർണ്ണമായും ഭേദമായെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് നെതന്യാഹു എക്സിലൂടെ (X) ഇക്കാര്യം സ്ഥിരീകരിച്ചത്.

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശത്രുരാജ്യങ്ങൾ ഇത് തെറ്റായ പ്രചാരണങ്ങൾക്കായി ഉപയോഗിക്കുമെന്ന് ഭയന്നാണ് വാർത്ത പുറത്തുവിടാൻ വൈകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. 2024 ഡിസംബറിൽ പ്രോസ്റ്റേറ്റ് സംബന്ധമായ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് ഒരു മില്ലിമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള കാൻസർ കോശങ്ങൾ കണ്ടെത്തിയത്. പ്രാഥമിക ഘട്ടത്തിലായിരുന്നതിനാൽ കൃത്യമായ ചികിത്സയിലൂടെ അത് മാറ്റാൻ സാധിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

"വ്യക്തിജീവിതത്തിലായാലും രാജ്യത്തിന്റെ കാര്യത്തിലായാലും ഒരു അപകടസാധ്യതയെക്കുറിച്ച് വിവരം ലഭിച്ചാൽ അതിനെ ഉടനടി നേരിടുന്നയാളാണ് ഞാൻ. അതുകൊണ്ടാണ് ചികിത്സ തേടാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാൻ പൂർണ്ണ ആരോഗ്യവാനാണ്," നെതന്യാഹു കുറിച്ചു. ചികിത്സാ കാലയളവിലും താൻ ജോലിയിൽ സജീവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായമായ പുരുഷന്മാർക്കിടയിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ സാധാരണമാണെന്നും കൃത്യസമയത്ത് പരിശോധനകൾ നടത്തണമെന്നും അദ്ദേഹം ഇസ്രയേൽ ജനതയെ ഉപദേശിച്ചു.