അജ്മാൻ ഫ്രീ സോണിൽ കമ്പനികൾക്ക് കരുത്തേകാൻ പുത്തൻ കരാറുകൾ; ഡിജിറ്റൽ-ബാങ്കിങ് സേവനങ്ങൾ ഇനി വേഗത്തിൽ
അജ്മാൻ ഫ്രീ സോണിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ മികച്ച ഡിജിറ്റൽ, ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രണ്ട് പ്രധാന ധാരണാപത്രങ്ങളിൽ അധികൃതർ ഒപ്പുവച്ചു. 'മേക്ക് ഇൻ ദി എമിറേറ്റ്‌സ് 2026' വേദിയാണ് ഈ സുപ്രധാന കരാറുകൾക്ക് സാക്ഷ്യം വഹിച്ചത്. ലൈസൻസുള്ള കമ്പനികളുടെ വളർച്ചയ്ക്ക് ആവശ്യമായ സാങ്കേതിക, ആശയവിനിമയ, സാമ്പത്തിക പരിഹാരങ്ങൾ ഒരുക്കി അവയെ ഭാവിയിലേക്ക് സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രമുഖ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്തുമായി (e&) ചേർന്നാണ് ആദ്യ കരാർ ഒപ്പിട്ടത്. ഫ്രീ സോണിന് കീഴിലുള്ള കമ്പനികൾക്ക് അത്യാധുനിക ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും നൂതന ആശയവിനിമയ സേവനങ്ങളും ലഭ്യമാക്കാൻ ഇത് വഴിയൊരുക്കും. കമ്പനികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ മത്സരിക്കാനുള്ള കരുത്ത് പകരാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അജ്മാൻ ഫ്രീ സോൺ അധികൃതർ വ്യക്തമാക്കി.
നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുമായാണ് രണ്ടാമത്തെ കരാർ ഒപ്പിട്ടിരിക്കുന്നത്. ഫ്രീ സോണിലെയും അജ്മാൻ മീഡിയ സിറ്റിയിലെയും നിക്ഷേപകർക്ക് ബാങ്കിങ്, സാമ്പത്തിക സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സംരംഭകർക്കും നൂതനാശയങ്ങളുമായി എത്തുന്നവർക്കും തങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കാൻ ഈ നീക്കം ഉപകരിക്കും. വെറുമൊരു ലൈസൻസിങ് അതോറിറ്റി എന്നതിലുപരി, കമ്പനികളുടെ ഓരോ വളർച്ചാഘട്ടത്തിലും പിന്തുണ നൽകുന്ന സമഗ്രമായ ഒരു ബിസിനസ് ആവാസവ്യവസ്ഥ ഒരുക്കാനാണ് തങ്ങൾ പരിശ്രമിക്കുന്നതെന്ന് അജ്മാൻ ഫ്രീ സോൺ അറിയിച്ചു.
