ഷാർജയിൽ ഗോഡൗണുകളിലെ തീപിടുത്തം തടയാൻ പുതിയ സമിതി; നിയമലംഘകർക്ക് കർശന ശിക്ഷ
വാണിജ്യ-വ്യവസായ മേഖലകളിലെ ഗോഡൗണുകളിൽ ഉണ്ടാകുന്ന തീപിടുത്തങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനുമായി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ പുതിയ സമിതി രൂപീകരിച്ചു. ഗോഡൗണുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താനും അവ നീക്കം ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഷാർജ പോലീസിന്റെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുക.
ഷാർജയിലെ എല്ലാ ഗോഡൗണുകളിലും സമിതിയുടെ നേതൃത്വത്തിൽ സമഗ്രമായ പരിശോധനകൾ നടക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കും അപകടകരമായതും എളുപ്പത്തിൽ തീപിടിക്കുന്നതുമായ വസ്തുക്കൾ അശ്രദ്ധമായി സൂക്ഷിക്കുന്നവർക്കും എതിരെ കർശനമായ നിയമനടപടികളും പിഴയും ഈടാക്കും. തീപിടുത്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ നടപ്പിലാക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
ഷാർജ പോലീസ് ജനറൽ കമാൻഡിന് പുറമെ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, മുനിസിപ്പൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ്, ഇക്കണോമിക് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്, ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (SEWA) എന്നീ വകുപ്പുകളിലെ പ്രതിനിധികളും ഈ സമിതിയിൽ അംഗങ്ങളാണ്. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് സമിതി രൂപീകരിക്കാനുള്ള നിർണ്ണായക തീരുമാനമെടുത്തത്.
