ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകമേള: ഖത്തർ അതിഥി രാഷ്ട്രം
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ലോക പുസ്തകമേളയിൽ ഖത്തറിനെ അതിഥി രാഷ്ട്രമായി (Guest of Honor) തിരഞ്ഞെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക-ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദവി നൽകിയിരിക്കുന്നത്. ജനുവരി 10 മുതൽ 18 വരെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പുസ്തകോത്സവം നടക്കുന്നത്. സ്പെയിനിനെ മേളയിലെ ഫോക്കസ് രാഷ്ട്രമായി തിരഞ്ഞെടുത്തപ്പോൾ ഖത്തറിന് സവിശേഷമായ അതിഥി രാഷ്ട്ര പദവിയാണ് നൽകിയിരിക്കുന്നത്.
ഖത്തറിന്റെ അസ്തിത്വവും പൈതൃകവും ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അടയാളപ്പെടുത്താനുള്ള മികച്ച വേദിയായാണ് സാംസ്കാരിക മന്ത്രാലയം ഇതിനെ കാണുന്നത്. ഖത്തറിന്റെ തനതായ വാസ്തുശില്പ കല, സാംസ്കാരിക വൈവിധ്യം, നാട്ടറിവുകൾ എന്നിവ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ഇന്ററാക്ടീവ് ബൂത്തുകൾ മേളയിൽ സജ്ജീകരിക്കും. ഖത്തറി സാഹിത്യവും സംഗീതവും ഇവിടെ പ്രദർശിപ്പിക്കും.
ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും നാഷണൽ ബുക് ട്രസ്റ്റും (NBT) സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയുൾപ്പെടെ പത്ത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കുന്ന ഇത്തവണത്തെ മേളയിൽ ആയിരത്തിലധികം സ്റ്റാളുകൾ ഉണ്ടാകും. ലോകോത്തര പ്രസാധകരും എഴുത്തുകാരും ഒത്തുചേരുന്ന ഈ മേള ഖത്തറും ഇന്ത്യയും തമ്മിലുള്ള വൈജ്ഞാനിക കൈമാറ്റത്തിന് പുതിയ വഴികൾ തുറക്കും.
