സൗദിയിലേക്ക് വരുന്ന സന്ദർശകർക്കുളള പ്രവേശന നടപടികൾ ലളിതമാക്കാൻ 'അബ്ശിറിൽ' പുതിയ ഫീച്ചർ

  1. Home
  2. International

സൗദിയിലേക്ക് വരുന്ന സന്ദർശകർക്കുളള പ്രവേശന നടപടികൾ ലളിതമാക്കാൻ 'അബ്ശിറിൽ' പുതിയ ഫീച്ചർ

saudi


സൗദി അറേബ്യയുടെ കര അതിർത്തികൾ (Land Borders) വഴി രാജ്യത്തേക്ക് എത്തുന്ന സന്ദർശകരുടെ പ്രവേശന നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രാലയം 'അബ്ശിർ' (Absher) പ്ലാറ്റ്‌ഫോമിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ജി.സി.സി പൗരന്മാർക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും അബ്ശിർ ആപ്പ് വഴി ഈ ഡിജിറ്റൽ സേവനം പ്രയോജനപ്പെടുത്താം.

യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ വ്യക്തികളുടെയും വാഹനങ്ങളുടെയും വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും വാഹന ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. മുൻകൂട്ടി വിവരങ്ങൾ നൽകുന്നതോടെ അതിർത്തി പോസ്റ്റുകളിലെ നീണ്ട കാത്തിരിപ്പും പരിശോധനാ സമയവും ഒഴിവാക്കാനാകും.

നിലവിൽ ഈ സേവനം ആരംഭിച്ചിട്ടുണ്ടെങ്കിലും ആറ് മാസത്തിന് ശേഷം കര അതിർത്തി വഴി പ്രവേശിക്കുന്ന എല്ലാ സന്ദർശകർക്കും ഇത് നിർബന്ധമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശകാര്യ, ടൂറിസം മന്ത്രാലയങ്ങൾ, ജവാസാത്ത്, കസ്റ്റംസ്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.