ദുബൈ പൊലീസിന്റെ വാഹന വ്യൂഹത്തിലേക്ക് പുതിയ അതിഥി; കരുത്തനായി ഇലക്ട്രിക് സൂപ്പർകാർ 'വോയ ഫ്രീ'
ലോകത്തിലെ ഏറ്റവും കരുത്തുറ്റ വാഹന വ്യൂഹങ്ങളിലൊന്നായ ദുബൈ പൊലീസിന്റെ പെട്രോളിങ് നിരയിലേക്ക് പുതിയ ആഡംബര ഇലക്ട്രിക് വാഹനം കൂടി എത്തിയിരിക്കുന്നു. അത്യാധുനിക സവിശേഷതകളോടു കൂടിയ 'വോയ ഫ്രീ' മോഡലാണ് ദുബൈ പൊലീസ് സേനയുടെ ഭാഗമായത്.
പെർഫോമൻസ് പ്ലസ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഈ നൂതന വാഹനം പുറത്തിറക്കിയത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്ക്യൂ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മേജർ ജനറൽ റാഷിദ് ഖലീഫ അൽ ഫലാസി വാഹനം ഏറ്റുവാങ്ങി. ദുബൈയുടെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത നയത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളെ സേനയുടെ ഭാഗമാക്കുന്നത്.
പ്രധാനമായും വൈദ്യുതിയിലാണ് ഈ വാഹനം പ്രവർത്തിക്കുന്നതെങ്കിലും ബാറ്ററി ചാർജ് ചെയ്യാൻ ഇൻബിൽറ്റ് ജനറേറ്റർ സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ചാർജിംഗിൽ 1357 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന ഈ വാഹനം സിഎൽടിസി (CLTC) മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 483 ഹോഴ്സ്പവറും 720 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്ന ഇതിന് വെറും 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രധാന പാതകളിലും ഈ പുതിയ ഇലക്ട്രിക് വാഹനം ഉടൻ തന്നെ സേവനത്തിനെത്തും.
